മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നു വി. ശിവന്‍കുട്ടി
സ്വന്തം ലേഖകന്‍
Friday, October 3, 2025 6:28 AM IST
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തില്‍ വീണ്ടും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതി വിധി അനുസരിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകളുണ്ടെന്നും അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷവും കോടതിയില്‍ പോകാനോ കോടതി ഉത്തരവനുസരിച്ച് പ്രശ്നം പരിഹരിക്കാനോ മെനക്കെടാത്തവരാണ് ഈ സര്‍ക്കാരിന്റെ അവസാന സമയത്ത് സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമരം രാഷ്ട്രീയപ്രേരിതമാണ്. എല്‍ഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ച കുറച്ചു പേരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനു മുന്നില്‍ ഗവണ്മെന്റ് കീഴടങ്ങില്ല.
പണ്ട് വിമോചനസമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിന്‍വലിക്കണം: സീറോമലബാർ സഭ
കൊച്ചി: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കെതിരേ വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിക്കണമെന്ന് സീറോമലബാർ സഭ. 2018 മുതൽ ഭിന്നശേഷി നിയമന ഉത്തരവിൽ കുരുങ്ങി 16,000ത്തിലധികം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെയും ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തിലായിരിക്കുന്നത്.
അധ്വാനിക്കുന്നവന്റെ അവകാശമായ കൂലി നിഷേധിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ഈ ദുഃശാഠ്യം അവസാനിപ്പിക്കണമെന്നാണു ക്രിസ്ത്യൻ മാനേജ്മെന്റുകൾ അഭ്യർഥിച്ചിട്ടുള്ളത്. എന്നാൽ, തികച്ചും ധാർമികവും നീതിപൂർവവുമായ ഈ അഭ്യർഥനകളെ അവഗണിക്കുക മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച ക്രൈസ്തവ മാനേജ്മെന്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായിട്ടാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തു വന്നിരിക്കുന്നത് -സീറോമലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി.
വളരെ ബാലിശവും വസ്തുതാവിരുദ്ധവും അവധാനതയില്ലാത്തതുമായ പ്രസ്താവനകളാണു മന്ത്രി ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ എയ്ഡഡ് മേഖലയിലെ അധ്യാപകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളിൽനിന്നു വ്യക്തമാക്കുന്നുണ്ട്.
ഏതൊരു ധാർമികസമരത്തെയും എല്ലാക്കാലത്തും ഭരണവർഗം നശിപ്പിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ഒരു ദുരാരോപണം അതിന്മേൽ ഉന്നയിച്ചുകൊണ്ടാണ്. ഇവിടെ സമ്മർദതന്ത്രമെന്നും വിരട്ടലെന്നും രാഷ്ട്രീയപ്രേരിതമെന്നുമുള്ള ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അതിജീവനത്തിനുവേണ്ടിയുള്ള അധ്യാപകസമൂഹത്തിന്റെ ധർമസമരത്തിന്റെ മുനയൊടിക്കാനുള്ള ശ്രമമാണു വിദ്യാഭ്യാസമന്ത്രി നടത്തുന്നത്. ഈ വിഷയത്തിൽ അദ്ദേഹവുമായി ചർച്ചയ്ക്കു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഇപ്പോഴും സന്നദ്ധമാണ്.
സർക്കാരിനോട് സംഘർഷത്തിനോ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയലാഭത്തിനോ വേണ്ടിയല്ല ഈ സമരത്തിനിറങ്ങിയത്. 2018 മുതൽ ഉന്നയിച്ച ആവശ്യമാണ് ഇപ്പോഴും ഉന്നയിക്കുന്നത്. മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികൾ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തിലായിരിക്കുന്ന 16,000ത്തിലധികം വ്യക്തികളുടെയും അത്രയും കുടുംബങ്ങളിലെ 50000 ത്തോളം വരുന്ന മനുഷ്യരുടെയും ജീവൽപ്രശ്നമാണ് ചൂണ്ടിക്കാട്ടുന്നത്. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തി നശിപ്പിക്കാൻ ശ്രമിക്കരുത്- ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.