അഞ്ചു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
Friday, October 3, 2025 6:09 AM IST
വൈക്കം: കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കൂട്ടുകാരനെ രക്ഷിക്കാൻ പിന്നാലെ കുളത്തിൽ ചാടിയ കുട്ടിയെ നാട്ടുകാർ രക്ഷിച്ചു.
വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടുകുളത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളി ഹാട്ടുണിന്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെന്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻ രാജ(5) ആണ് മരിച്ചത്. അസൻ രാജയെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.15 നായിരുന്നു സംഭവം. പ്രദേശവാസിയായ പാത്രം വിൽപ്പനക്കാരി രമ കുളത്തിനു സമീപത്തുകൂടി നടന്നുവരുമ്പോഴാണ് കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ടത്. കുളിക്കടവിൽ മറ്റ് രണ്ടു കുട്ടികൾ ഭയന്ന് കരഞ്ഞ് നിന്നിരുന്നു. രമ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി കുളത്തിൽ ചാടി കുട്ടികളെ മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കം നടത്തി.