കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് പണമില്ല ;വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ പേരില്‍ പൊടിക്കുന്നത് കോടികൾ
ബിനു ജോര്‍ജ്
Friday, October 3, 2025 6:09 AM IST
കോഴിക്കോട്: വന്യജീവിശല്യം കാരണം ജീവാപായവും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് പണം അനുവദിക്കുന്നതില്‍ വിമുഖത കാട്ടുന്ന സര്‍ക്കാരാണ് കോടികള്‍ ചെലവിട്ട് മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണമെന്ന പേരില്‍ പ്രത്യേക യജ്ഞം നടത്തുന്നതെന്ന ആക്ഷേപം ശക്തമാകുന്നു.
ധനകാര്യ വകുപ്പിന്റെ ഉടക്കു കാരണം പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ വനംവകുപ്പ് വിയര്‍ക്കുന്നതിനിടെയാണ് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ യജ്ഞം നടത്തുന്നത്. നിയമസഭയുടെ മേശപ്പുറത്തു വച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയാണ്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരം നല്കാന് സബ്ജക്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തത് 23 കോടി രൂപയാണ്. സര്‍ക്കാര്‍ ബജറ്റ് വിഹിതമായി അനുവദിച്ചതാകട്ടെ കേവലം 1.26 കോടി രൂപ മാത്രം. പണം അനുവദിക്കാത്തതുകൊണ്ട് നഷ്ടപരിഹാര വിതരണം മന്ദഗതിയിലാണ്.
വനസംരക്ഷണം, ജീവനക്കാരുടെ പരിശീലനം, ഗവേഷണം, സാമൂഹ്യ വനവത്കരണം തുടങ്ങിയ വനം-വന്യജീവി വകുപ്പിന്റെ സുപ്രധാന പദ്ധതികള്‍ക്ക് വകയിരുത്തിയ തുക അപര്യാപ്തമാണെന്നും കോടിക്കണക്കിന് രൂപയുടെ അധികവിഹിതം ആവശ്യമാണെന്നുമാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സാമ്പത്തിക പരിമിതികളും പദ്ധതി വിഹിതം വെട്ടിക്കുറച്ചതും കാരണം അധിക തുക അനുവദിക്കാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
2024-25 സാമ്പത്തികവര്‍ഷത്തെ ധനാഭ്യര്ഥനകളിന്മേലുള്ള സബ്ജക്ട് കമ്മിറ്റിയുടെ നാലാമത് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേലുള്ള ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനംമന്ത്രി എ.കെ. ശശീന്ദ്രന് ചെയര്‍പേഴ്സണായ സമിതിയാണ് സെപ്റ്റംബര്‍ 19ന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. വനം, പരിസ്ഥിതി, വിനോദസഞ്ചാരം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ആകെ 42 ശിപാര്‍ശകളാണ് ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഭൂരിഭാഗം ധനാഭ്യര്ഥനകളിലും ചെലവു ചുരുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ വനംവകുപ്പിനു നല്‍കിയത്.
പ്രധാന ശിപാര്‍ശകളും സര്‍ക്കാരിന്റെ മറുപടിയും
വനസംരക്ഷണം (ബജറ്റ് വിഹിതം: 25 കോടി): വനാതിര്‍ത്തി സംരക്ഷണം, കാട്ടുതീ പ്രതിരോധം, മണ്ണ്-ജലസംരക്ഷണം, വനസംരക്ഷണ സമിതികള്‍ക്കുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 25 കോടി രൂപ അപര്യാപ്തമാണെന്നും ഏഴു കോടി രൂപ അധികമായി വകയിരുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ധനകാര്യ വകുപ്പിന്റെ സീലിംഗ് പരിധി കാരണം അധിക തുക അനുവദിക്കാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മാനവശേഷി വികസനം (ബജറ്റ് വിഹിതം: 3.50 കോടി): വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പരിശീലനം നല്കുന്നതിനായുള്ള വിഹിതം അപര്യാപ്തമാണ്. അതിനാല്‍ 3.46 കോടി രൂപ അധികമായി നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതങ്ങള്‍ 50 ശതമാനമായി ചുരുക്കാന്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ അധിക തുക അനുവദിക്കാനായില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
വിഭവ ആസൂത്രണവും ഗവേഷണവും (ബജറ്റ് വിഹിതം: ഒരു കോടി): ശാസ്ത്രീയ വനപരിപാലനം, ഗവേഷണങ്ങള്‍, പ്രവര്‍ത്തന പദ്ധതികള്‍ എന്നിവയ്ക്കായി നിലവിലുള്ള തുകയ്ക്ക് പുറമെ രണ്ടു കോടി രൂപ കൂടി വകയിരുത്തണമെന്ന സമിതിയുടെ ശിപാര്‍ശയും സാമ്പത്തിക പരിധി കാരണം അംഗീകരിക്കാന്‍ സാധിച്ചില്ല.