കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് പിടിയില്‍
Friday, October 3, 2025 6:09 AM IST
കോഴിക്കോട്: ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
കാസര്‍കോട് പരപ്പ സ്വദേശി ഷാഹുല്‍ ഹമീദ് മന്‍സിലില്‍ സിനാനെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണു സംഭവം. നടന്നുപോകുകയായിരുന്ന പയ്യാനക്കല്‍ സ്വദേശിയായ കുട്ടിയെ പയ്യാനക്കല്‍ സ്കൂളിനു സമീപം വച്ച് പ്രതി സഞ്ചരിച്ച കാറിലേക്ക് ബലമായി പിടിച്ച് കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പന്നിയങ്കര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഓടിച്ചുവന്ന കാര്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനടുത്തുള ടാക്സി സ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ചെടുത്തതാണെന്ന് കണ്ടെത്തി. പന്നിയങ്കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ ബാലു കെ.അജിത്ത് സിപിഒമാരായ പ്രജീഷ്, നിഖേഷ് , മന്‍ഷിദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.