“കേന്ദ്ര അവഗണനയുടെ ഉദാഹരണം”
Friday, October 3, 2025 6:28 AM IST
തിരുവനന്തപുരം: വയനാടിനു കേന്ദ്ര സർക്കാർ 260.56 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനം. കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ വ്യക്തമായ ഉദാഹരണമാണിതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു.
പ്രധാനമന്ത്രി നേരിട്ട് എത്തുകയും വിവിധ തലങ്ങളിലുള്ള റിപ്പോർട്ടുകൾ തയാറാക്കി വാങ്ങുകയും ചെയ്ത ശേഷം ഒരു വർഷത്തിനു ശേഷം നാമമാത്ര തുക നൽകിയെന്നാണ് പരാതി. എന്നാൽ ആസാമിനു വലിയ തുക അനുവദിക്കുകയും ചെയ്തിരുന്നു. കേരളം തയാറാക്കി പിഡിഎൻഎ റിപ്പോർട്ട് പ്രകാരം 2000 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.
മുണ്ടക്കൈ, ചുരൽമലയുടെ പുനർനിർമാണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുക അപര്യാപ്തമാണെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. കേരളം 2000 കോടി ചോദിച്ചപ്പോൾ കേന്ദ്രം അനുവദിച്ചത് 260 കോടി മാത്രമാണ്. ദുരന്തബാധിതരുടെ കടം പോലും എഴുതിത്തള്ളാൻ തയാറായില്ല. കേരളത്തിന് അർഹമായതു ലഭിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ കാട്ടിയത് രാഷ്ട്രീയ വിവേചനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ കേരളത്തിൽനിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാർ വ്യക്തത വരുത്തണം. ഇക്കൂട്ടത്തിൽ ഒരു കേന്ദ്രമന്ത്രി നടത്തിവരുന്ന കലുങ്ക് സംവാദ സദസ് വയനാട്ടിൽ നടത്താൻ തയാറുണ്ടോ എന്നും വേണുഗോപാൽ ചോദിച്ചു.
ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ബിജെപി സർക്കാർ വയനാടിനു വച്ചുനീട്ടുന്ന സഹായം രാഷ്്ട്രീയ വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സഹായവിതരണത്തിൽ കേരളത്തിനോടും ആസാമിനോടും കൈക്കൊണ്ട വ്യത്യസ്ത സമീപനങ്ങൾ കേരളത്തിലെ ബിജെപി അനുഭാവികളുടെ തന്നെ കണ്ണുതുറപ്പിക്കുമെന്ന്് ബിനോയ് അഭിപ്രായപ്പെട്ടു.
ഇതിനിടെ, വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപ അനുവദിച്ചതിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞു. ഇതുകൂടാതെ 2444 കോടി രൂപയുടെ ദേശീയ അർബൻ ഫ്ളഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരത്തെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.