ഫോട്ടോഗ്രാഫർ പി. മോഹനൻ അന്തരിച്ചു
Friday, October 3, 2025 6:09 AM IST
ആലപ്പുഴ: മുതിര്‍ന്ന ഫോട്ടോഗ്രാഫറും ചിത്രകാരനും ശില്പിയുമായിരുന്ന പി. മോഹനൻ (62) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് പുന്നപ്ര രാജ്ഭവന് വീട്ടിലെ പ്രാര്‍ഥനാ ശുശ്രൂഷകളെ തുടർന്ന് പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയില്‍. പഴവീട് ആശാരിപ്പറമ്പ് വീട്ടില്‍ പരേതരായ പരമേശ്വരന് ആചാരിയുടെയും അമ്മിണിയുടെയും മകനാണ്.
എസ്ഡി കോളജില്‍ പ്രീഡിഗ്രി പഠനത്തിനു ശേഷം ജ്യേഷ്ഠനും ചിത്രകലാ അധ്യാപകനും ആയിരുന്ന ദാസന് ആചാരിയില്നിന്നു ചിത്രകലയും ഫോട്ടോഗ്രഫിയും പഠിച്ചു. നഗരത്തിലെ പ്രതിഛായ സ്റ്റുഡിയോയിലൂടെയാണ് ഫോട്ടോഗ്രഫി രംഗത്തെത്തിയത്. പത്രങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രസ് ഫോട്ടോ എടുത്ത് പതിറ്റാണ്ടുകൾ കർമനിരതനായിരുന്നു. ഇരുപത്തഞ്ചു വർഷത്തിലേറെയായി ദീപിക പത്രത്തിനുവേണ്ടിയും ചിത്രങ്ങളെടുത്തു. പാന്റ്സും ജൂബയും കാമറ ബാഗും ഇലക്ട്രിക് സ്കൂട്ടറുമാണ് മോഹനനെ അടയാളപ്പെടുത്തുന്നത്. വിഖ്യാത സാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ അപൂര്‍വ ചിത്രങ്ങളുടെ ശേഖരം അദ്ദേഹം സൂക്ഷിച്ചിരുന്നു.
ആലപ്പുഴക്കാരായ പ്രമുഖ സാഹിത്യ- സിനിമ-രാഷ്ട്രീയ നായകരുടെ നിരവധി അപൂർവ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കാമറ പകർത്തിയിട്ടുണ്ട്. കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും നൈപുണ്യമുണ്ടായിരുന്നു.
ഭാര്യ: കുസുമം പുന്നപ്ര വട്ടത്തില്‍ കുടുംബാംഗം. മക്കള്‍: രാജ്മോഹന്‍ (കംപ്യൂട്ടര്‍ അധ്യാപകന്, ജ്യോതി നികേതന്‍ സ്കൂള്‍), രഞ്ജിത്ത് മോഹന്‍ (ഹരി യാന). മരുമകള്‍: ജിസ്മി അരുണ്‍ (നഴ്സ്, കുവൈറ്റ്).