ശബരിമലയിലെ സ്വർണക്കൊള്ള ദേവസ്വം ബോർഡിന്റെ അറിവോടെ: പ്രതിപക്ഷ നേതാവ്
Friday, October 3, 2025 6:09 AM IST
ആറന്മുള: ശബരിമല ക്ഷേത്രത്തിൽ ഭക്തര്‍ നല്കിയ സ്വർണം ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അറിവോടെ അവരുടെ ഇടനിലക്കാരന്റെ സഹായത്തോടെ കട്ടെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആറന്മുളയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെതന്നെ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയതാണ്. ആ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് സ്വർണം മോഷ്ടിച്ചവരെ ഇത്രയും നാള് സഹായിക്കുകയായിരുന്നു. ഇതിനു മുന്‍പുള്ള ദേവസ്വം ബോര്‍ഡും ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കും ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്വമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. രണ്ട് ദേവസ്വം മന്ത്രിമാര്‍ക്കും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും ഇക്കാര്യമറിയാം.
ആരാണ് ഉണ്ണികൃഷ്ണന് പോറ്റി, ശബരിമലയ്ക്കുവേണ്ടി പണം പിരിക്കാന്‍ അയാൾക്ക് ആരാണ് അനുവാദം നല്‍കിയത്, ശബരിമലയിലെ സ്വർണം ഇയാളുടെ ബന്ധുവീട്ടിൽ എങ്ങനെ എത്തി എന്നിങ്ങനെ ദുരൂഹമായ ചോദ്യങ്ങൾ നിരവധിയാണ്. ഉണ്ണിക്കൃഷ്ണന് പോറ്റിയെ സംരക്ഷിക്കുന്നവര്‍ക്ക് കളവുമുതലിന്റെ വീതം കിട്ടുന്നുണ്ടാവുമെന്നും വി.ഡി. സതീശന് ആരോപിച്ചു.
ശബരിമല ശ്രീധർമ ശാസ്താവിന്റെ സന്നിധിയിൽ നിന്നു കിലോക്കണക്കിനു സ്വർണം കബളിപ്പിച്ചെടുത്ത ക്രിമിനൽ കേസാണിത്. കോടതിയുടെ നീരക്ഷണത്തിലും ഇക്കാര്യം വ്യക്തമാണ്.
സംസ്ഥാനത്ത് കോടികളുടെ ജിഎസ്ടി തട്ടിപ്പ് വെളിച്ചത്തു വന്നിട്ടും അന്വേഷണം നടത്താന്‍ ധനകാര്യ വകുപ്പും സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ജിഎസ്ടി വകുപ്പില്‍ ചില സിപിഎം നേതാക്കളെ താക്കോല്‍ സ്ഥാനത്തിരുത്തിയാണ് അഴിമതി നടത്തുന്നത്. വൈദ്യുതിബില്ല് നോക്കിയും പഞ്ചായത്തിലെ വിവരങ്ങള്‍ നോക്കിയും നിരപരാധികളായ സാധാരണക്കാരുടെ പേരില്‍ വ്യാജ ജിഎസ്ടി രജിസ്ട്രേഷനെടുത്ത് 1100 കോടിയുടെ ഇടപാട് നടത്തി 200 കോടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയ ഒരു കേസ് പൂന ഇന്റലിജന്‍സ് എട്ട് മാസം മുന്‍പ് വിവരം നല്‍കിയിരുന്നു. എന്നാല്‍, സംഭവത്തെപ്പറ്റി യാതൊരു അന്വേഷണവും നടത്താതെ ആ രജിസ്ട്രേഷന് റദ്ദാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.