ക്രിമിനൽ പോലീസുകാർക്കെതിരേ നടപടിക്കു ഡിജിപിയുടെ നിർദേശം
Saturday, October 4, 2025 2:16 AM IST
തിരുവനന്തപുരം: ക്രിമിനലുകളായ പോലീസുകാർക്കെതിരേയുള്ള അച്ചടക്ക നടപടി വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശം.
ഇന്നലെ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഡിജിപി നിർദേശം നൽകിയത്. പോലീസിലെ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും പുറത്താക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദേശമെന്നും ഡിജിപി പറഞ്ഞു.
വകുപ്പുതല അന്വേഷണമടക്കം വേഗത്തിലാക്കി നടപടിയെടുക്കണം. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴേത്തട്ടിൽ വരെയുള്ളവർ ശാസ്ത്രീയമായ അന്വേഷണം നടത്തണം. അന്വേഷണത്തിന് ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കണം. ജനങ്ങളോട് മൂന്നാംമുറയും ബലപ്രയോഗവും വേണ്ട. അന്വേഷണത്തിന് പ്രാകൃതരീതികൾ ഉപയോഗിക്കരുത്.
ക്രിമിനൽ-ബിനാമി ബന്ധമുള്ളവരുമായി ഒരുതരത്തിലുമുള്ള അവിശുദ്ധബന്ധവും പാടില്ല. ഇത്തരക്കാർക്കെതിരേ എസ്പിമാർ നടപടിയെടുക്കണം. ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ മേലുദ്യോഗസ്ഥർ ശ്രമിക്കരുത്.
സൈബർ അന്വേഷണത്തിൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകും. ഇതിനായുള്ള സൈബർ പ്രചാരണങ്ങളടക്കം മുൻകൂട്ടി കണ്ടെത്തി തടയാനാകണമെന്നും ഡിജിപി പറഞ്ഞു.