ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി ആർ. ബിന്ദു
Saturday, October 4, 2025 1:35 AM IST
തൃശൂർ: ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കുട്ടികളെയും പഠിപ്പിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായി മന്ത്രി ആർ. ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ഭാവിവികസന ലക്ഷ്യങ്ങൾ ‘വിഷൻ 2031’ സംസ്ഥാനതല സെമിനാർ റീജണൽ തിയറ്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ആംഗ്യഭാഷ ഏവരെയും പഠിപ്പിക്കുന്നതിലൂടെ സർക്കാരിന്റെ ഇൻക്ലൂസീവ് വിദ്യാഭ്യാസനയത്തെ കൂടുതൽ ശക്തിപ്പെടുത്താനാകും. എഐ വിപ്ലവം ഉപയോഗപ്പെടുത്തി ഭിന്നശേഷി മേഖലയെ ആഗോളനിലവാരത്തിലേക്ക് ഉയർത്തും. ട്രാൻസ്ജെൻഡർ വ്യക്തികളെ സാമൂഹികവും സാസ്കാരികവും വിദ്യാഭ്യാസപരവുമായി നേതൃനിലയിലേക്ക് ഉയർത്തും.
പാർപ്പിടം, തൊഴിൽ, നിയമപരമായ സുരക്ഷ ഉറപ്പുവരുത്തും. ലിംഗമാറ്റ ശസ്ത്രക്രിയ, തുടർപരിചരണം, ഹോർമോൺ തെറാപ്പി എന്നിവയ്ക്കു സർക്കാർ മേഖലയിൽ വിദഗ്ധ കേന്ദ്രങ്ങൾ സ്ഥാപിക്കും. കേരളത്തെ ട്രാൻസ്ജെൻഡർ- ക്വിയർ സൗഹാർദ മാതൃകാസംസ്ഥാനമാക്കും.
നിഷ്, നിപ്മർ തുടങ്ങി സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ, വിദ്യാഭ്യാസസ്ഥാപനങ്ങളെ സംരക്ഷണകേന്ദ്രമെന്നതിൽനിന്ന് ശക്തീകരണ കേന്ദ്രങ്ങളാക്കിമാറ്റുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് അമരവിള രാമകൃഷ്ണന്, ശീതൾ ശ്യാം, കൺമണി എന്നിവർ ചേർന്നു ലോഗോ പ്രകാശനം ചെയ്തു.
ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവർക്കുള്ള മൂന്നുമാസത്തെ ഇന്റൻസീവ് കാന്പയിനു തുടക്കംകുറിച്ച് ഡോ. പി. ഭാനുമതി, അനന്യ ബിജേഷ്, ആൻ മൂക്കൻ, പൂജ രമേഷ് എന്നിവർചേർന്നു ലോഗോ പ്രകാശനം നിർവഹിച്ചു.