ഫലപ്രദമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം: എം.വി. ഗോവിന്ദൻ
Saturday, October 4, 2025 2:16 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഫലപ്രദമായ ഏജൻസിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നതാണു പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാൻ സിപിഎം ഇല്ല. വിവാദവുമായി ബന്ധപ്പെട്ട കാലം ഒരു പ്രശ്നമല്ല.
ഏതു കാലത്തെക്കുറിച്ചും അന്വേഷിക്കാം. ഫലപ്രദമായ അന്വേഷണം നടക്കട്ടെ. ശബരിമലയിലെ കാര്യങ്ങൾ ഹൈക്കോടതിതന്നെ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് ഒന്നുതന്നെയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ തപാൽ സ്റ്റാന്പ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ആർഎസ്എസ് പ്രചാരണ ഉപാധിയായി കേന്ദ്രസർക്കാരിനെ ഉപയോഗിക്കുകയാണ്. തപാൽ സ്റ്റാന്പും നൂറു രൂപയുടെ നാണയവും ആർഎസ്എസ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതു വർഗീയതയുടെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.
സംഘപരിവാറിനെപ്പോലെതന്നെ ജമാ അത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയുമായി സഖ്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.