നാസ സ്പേസ് ആപ്സ് ചലഞ്ച് 2025: രണ്ടാമതും വേദിയായി അമൽ ജ്യോതി
Saturday, October 4, 2025 1:34 AM IST
കാഞ്ഞിരപ്പള്ളി: അഗോള തലത്തിൽ ഇന്നും നാളെയുമായി നടത്തപ്പെടുന്ന നാസ സ്പേസ് ആപ്സ് ചലഞ്ച് 2025ന്റെ വേദിയായി അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണോമസ്) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ 15 വ്യത്യസ്ത സ്പേസ് ഏജൻസികളുമായി ചേർന്ന് 2800ൽ അധികം വേദികളിൽ ഒരേ സമയമാണ് ഈ ആഗോള ഹാക്കത്തൺ സംഘടിപ്പിക്കുന്നത്. നാസയുടെ ഓപ്പൺ ഡാറ്റ ഉപയോഗിച്ച് ആഗോളമായ വെല്ലുവിളികൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുന്ന, 36 മണിക്കൂർ ഗ്ലോബൽ ഹാക്കത്തണിൽ വിദ്യാർഥികൾ, ഗവേഷകർ, ഡവലപ്പർമാർ, ഡിസൈനർമാർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ നിർണായക മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈ ഹാക്കത്തണിൽ കണ്ടത്തേണ്ടത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി 2300ൽ അധികം സ്കൂൾ, കോളജ് വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പങ്കെടുക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ നിരക്കിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും ഇന്ത്യയിൽ രണ്ടാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവുമാണ് അമൽജ്യോതി നേടിയത്. അമൽ ജ്യോതിയിൽ പങ്കെടുക്കുന്ന സ്കൂൾ, കോളജ്, ജനറൽ വിഭാഗത്തിലെ മികവ് കാട്ടുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും മറ്റ് തലങ്ങളിൽ മികവ് കാട്ടുന്ന 40 ടീമുകൾക്ക് അവാർഡുകളും നൽകും.
ഹാക്കത്തൺ വിജയകരമായി നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇവന്റ് ലോക്കൽ ലീഡ് അസോസിയേറ്റ് പ്രഫ. അനു ഏബ്രഹാം മാത്യു, കോർ ടീം മെംബേഴ്സ് അസിസ്റ്റന്റ് പ്രഫ. ജി.എസ്. അജിത്, വിദ്യാർഥികളായ അശ്വിൻ ചാക്കോ, നോയൽ ജോയ്സ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.