ഭൂമി തരംമാറ്റ നടപടിക്രമങ്ങൾ ലളിതമാക്കും: മന്ത്രി കെ. രാജൻ
Saturday, October 4, 2025 1:34 AM IST
തൃശൂർ: നെൽവയൽ തണ്ണീർത്തടനിയമത്തിന്റെ അന്തഃസത്ത ചോരാൻ അനുവദിക്കാതെതന്നെ ഭൂമി തരംമാറ്റ നടപടിക്രമങ്ങൾ ലളിതമാക്കുമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല ഭൂമി തരംമാറ്റ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നടപടി ലളിതമാക്കാൻ ചട്ടം ഭേദഗതിക്കു മടിക്കില്ല. ഭൂമി തരംമാറ്റുന്ന നടപടികളിൽനിന്ന് ഏജന്റുമാരെ പൂർണമായും ഒഴിവാക്കും. അത്തരം അപേക്ഷ കൾക്കു മുൻഗണന നൽകേണ്ടതില്ലെന്നു നിർദേശിച്ചിട്ടുണ്ട്. ഏജന്റുമാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടിയുണ്ടാകും. തരംമാറ്റത്തിന്റെ ഭാഗമായുള്ള അദാലത്തുകൾ സ്ഥിരംസംവിധാനമാക്കും.
ആർഡിഒയുടെ നേതൃത്വത്തിൽ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചു മാസത്തിൽ ഒരിക്കലെങ്കിലും അദാലത്തുകൾ നടത്താനുള്ള സംവിധാനം ഉണ്ടാക്കും. അപേക്ഷകൾ പരിഹരിക്കുന്നതോടൊപ്പം തിരിച്ചയച്ച അപേക്ഷകൾക്കുവേണ്ടിയും വില്ലേജ്തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ 25 സെന്റുവരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം ആറ് അപേക്ഷകൾ തീർപ്പാക്കാനാണു ഭൂമി തരംമാറ്റ അദാലത്തിനു തുടക്കം കുറിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് തരംമാറ്റ അപേക്ഷകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതല അദാലത്ത് നടന്നു.
റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കെ. മീര, സബ് കളക്ടർ അഖിൽ വി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.