കേരളയില്‍ ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനവിലക്ക് ; പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍
Saturday, October 4, 2025 1:35 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വൈസ് ചാന്‍സലറുടെ ഉത്തരവിനെതിരേ കെഎസ്യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്.
കഴിഞ്ഞ മാസം 17നാണ് ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വകലാശാല ഉത്തരവ് പുറത്തിറക്കിയത്. വിസി ഡോ. മോഹനന് കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം മാത്രം ലക്ഷ്യംവച്ച് കോഴ്സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം.
ഇതുസംബന്ധിച്ച് സര്‍വകലാശാലയ്ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു. ബിരുദപ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണം.
സത്യവാങ്മൂലം ലംഘിക്കുന്ന വിദ്യാര്‍ഥികളുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. കോളജുകളില്‍നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ട, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണോ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമക്കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയാണ് നാലു ചോദ്യങ്ങള്‍.
അതേസമയം, കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടേത് വാര്‍ത്തകളില്‍ ഇടം നേടാനുള്ള വിചിത്രവാദമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഭരണഘടനാവിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാകില്ല.
വിചിത്ര ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. വിദ്യാര്‍ഥി സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിപ്രശ്നങ്ങള്‍ വൈസ് ചാന്‍സലര്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ കേസുകളിൽ പ്രതിയാകുന്നവര്‍ക്ക് അഡ്മിഷന് നല്‍കരുതെന്ന കേരള സര്‍വകലാശാലാ സര്‍ക്കുലറിനെതിരേ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്തെത്തി.
കേരള വിസിയുടെ നിലപാട് ഭരണഘടനാവിരുദ്ധവും വിദ്യാര്ഥിസമൂഹത്തിനെതിരായ ആക്രമണവുമാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. അടിസ്ഥാന അവകാശമായ വിദ്യാഭ്യാസത്തെ തടയുന്ന നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്. രാഷ്ട്രീയപ്രേരിതമായും വ്യാജമായും കേസുകള്‍ ചുമത്തപ്പെടുന്നത് പതിവാണ്.
അത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നത് അവരുടെ ഭാവി തകര്‍ക്കുന്നതിന് തുല്യമാണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.