പൂജാ ബംപര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബംപര്‍ നറുക്കെടുപ്പും ഇന്ന്
Saturday, October 4, 2025 1:34 AM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബംപര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബംപര്‍ നറുക്കെടുപ്പും നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു.
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്‍. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള്‍ ഏജന്‍സികള്‍ വഴി വില്പന നടന്നു.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്കുന്നു.
മുന്നൂറു രൂപ വിലയുള്ള പൂജാ ബംപര്‍ ടിക്കറ്റിന്റെ വില്പനയും ഇതോടൊപ്പം ആരംഭിക്കും. പൂജാ ബംപര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്.
ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പൂജാ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്കുന്നു എന്നതാണ് പൂജാ ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും നല്കുന്നു.
ഓൺലൈൻ, ആപ്പ് തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓൺലൈൻ, മൊബൈൽ ആപ്പ് തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.
കേരള ഭാഗ്യക്കുറിക്ക് കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന കേരളത്തിൽ മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ. ഓൺലൈൻ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഓൺലൈൻ വില്പനയോ ഇല്ല. വ്യാജ ഓൺലൈൻ വില്പനയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്ണർ എന്ന പേരിൽ ചിലർ ഓൺലൈൻ, മൊബൈൽ ആപ്പ് എന്നിവവഴി വ്യാജപ്രചാരണം നടത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതിനെതിരേ ഏവരും ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.