കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ആർജിസിബി ഗവേഷകർ
Saturday, October 4, 2025 1:34 AM IST
തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ബ്രിക്ആർജിസിബി ഗവേഷകർ.
ആൽ സ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് പോലുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിർണയത്തിനും ഇത് സഹായിക്കും. ആന്റികാൻസർ ഡ്രഗ് നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ കമ്യൂണിക്കേഷൻസ് ജേർണലിന്റെ പുതിയ പതിപ്പിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിക് ആർജിസിബി ഫാക്കൽറ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോർ എ എന്നറിയപ്പെടുന്ന കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ചത്. സിന്തറ്റിക് പെപ്റ്റൈഡുകളിൽ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകൾ നിർമിച്ചത്. ഈ സിന്തറ്റിക് പെപ്റ്റൈഡുകൾ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഗവേഷകർ പഠനവിധേയമാക്കി.
കൃത്രിമ മിറർഇമേജ് നാനോപോറുകൾ കാൻസർ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഈ സിന്തറ്റിക് സുഷിരങ്ങളെ കാൻസർ ചികിത്സാമാർഗമായി വികസിപ്പിക്കാൻ കഴിയും.കാൻസർ, ആൽസ്ഹൈമേഴ്സ്, പാർക്കിൻസണ് തുടങ്ങിയ രോഗചികിത്സയ്ക്കായി പഠന ഫലങ്ങൾ വികസിപ്പിക്കാനാകുമെന്ന് ഡോ. കെ.ആർ. മഹേന്ദ്രൻ പറഞ്ഞു.
അത്യാധുനിക പഠനമേഖലകളായ സിന്തറ്റിക് നാനോ ടെക്നോളജി, കാൻസർ ബയോളജി എന്നിവ സംയോജിപ്പിച്ച് രോഗനിർണയം സാധ്യമാക്കാൻ ഈ കണ്ടെത്തലിലൂടെ സാധിക്കും. നാനോ ബയോടെക്നോളജി മേഖലയിലെ ഭാവി ഗവേഷണങ്ങൾക്കും ഇത് വലിയ മുതൽക്കൂട്ടാകും.
ഡോ. ഹർഷ ബജാജ്സ് ഗ്രൂപ്പ് (സിഎസ്ഐആർ, എൻഐഐഎസ്ടി തിരുവനന്തപുരം), ഡോ. ഉൾറിച്ച് ക്ലീനിക്കാത്തോഫർസ് ഗ്രൂപ്പ് (കണ്‍സ്ട്രക്ടർ യൂണിവേഴ്സിറ്റി, ജർമനി), ഡോ. രാധിക നായർസ് ഗ്രൂപ്പ് (സെന്റർ ഫോർ ഹ്യൂമൻ ജനിറ്റിക്സ്, ബംഗളൂരു) എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
കേന്ദ്ര ബയോടെക്നോളജി വകുപ്പ്, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്, ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയിൽ നിന്നുള്ള ധനസഹായവും ഗവേഷണ പഠനത്തിന് ലഭിച്ചു.