തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ ഇലക്ഷന് മോര്ച്ചയായി പ്രവര്‍ത്തിക്കുന്നു: പ്രശാന്ത് ഭൂഷണ്
Saturday, October 4, 2025 1:35 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ ഇലക്ഷന് മോര്ച്ചയായാണു പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.
വോട്ടര്‍ പട്ടികയില്‍ ആരെയൊക്കെ ചേര്‍ക്കണമെന്നും പട്ടികയില്‍നിന്ന് ആരെയൊക്കെ ഒഴിവാക്കണമെന്നും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇലക്ഷന് കമ്മീഷൻ തീരുമാനിക്കുന്നത്. ഇതിലൂടെ ബിജെപിക്ക് അനുകൂലമായ വോട്ടര്‍പട്ടികയാണു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടര്‍പട്ടികയിലെ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനും(എസ്ഐആര്‍) ലഡാക്കിലെ സംഘര്‍ഷവും ഗൗരവമേറിയ പ്രശ്നങ്ങളാണ്. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആര്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഇതു വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് കമ്മീഷന്. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പ് രീതികളില്‍നിന്നു തികച്ചും വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് ഇലക്ഷന് കമ്മീഷന് മുന്നോട്ടുപോകുന്നത്.
ഓരോ വീട്ടിലുമെത്തി വോട്ടര്‍മാരുടെ വിവരം ശേഖരിച്ചാണ് മുമ്പ് വോട്ടര്‍പട്ടിക തയാറാക്കിയിരുന്നതെങ്കില്‍ പുതിയ എസ്ഐആര്‍ രീതിയനുസരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ പൂരിപ്പിച്ച അപേക്ഷയോടെപ്പം 11 രേഖകള്‍കൂടി സമര്‍പ്പിക്കണം.
പാസ്പോര്‍ട്ട്, ജനനസർട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണു സമര്‍പ്പിക്കേണ്ടത്.
ബിഹാറിലെ പകുതിയിലേറെപ്പേരും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ട രേഖകള്‍ ഇല്ലാത്തവരായിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ സാധാരണക്കാരുടെ കൈയില്‍ ഉണ്ടാകാനിടയുള്ള ഒന്നുപോലും കമ്മീഷന് മുഖവിലയ്ക്കെടുക്കുന്നില്ല. 65 ലക്ഷത്തോളം പേര്‍ക്കാണ് ഇതോടെ വോട്ടര്‍പട്ടികയില്‍ ഇടംനേടാന്‍ കഴിയാതിരുന്നത്. ഇതില്‍ 25 ശതമാനം പേരും മുസ്ലിംകളാണെന്നും അദ്ദേഹം പറഞ്ഞു.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയും തോട്ടപ്പള്ളിയിലെ ഖനനവും ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങളാണ് ഉയര്ത്തുന്നതെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.