സ്വര്‍ണകവാടം ഇളംപള്ളി ക്ഷേത്രത്തിലും എത്തിച്ചിരുന്നു
Saturday, October 4, 2025 1:35 AM IST
കോട്ടയം: ശബരിമലയിലെ വിവാദ സ്വര്‍ണകവാടം പള്ളിക്കത്തോടിനു സമീപമുള്ള ഇളംപള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും ഉണ്ണി കൃഷ്ണന് പോറ്റി എത്തിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രത്തില്‍ 2019 മാര്‍ച്ച് 10ന് രാവിലെയാണ് സ്വര്‍ണകവാടം കൊണ്ടുവന്നത്.
നടന് ജയറാമും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം പൂജാരി പൂജ ചെയ്തശേഷം വിശ്വാസികളുടെ താത്പര്യപ്രകാരം വിവിധ ക്ഷേത്രങ്ങളിലൂടെ പ്രയാണവുമുണ്ടായിരുന്നു.
എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം ഉപയോഗിക്കുന്ന രഥം കൊണ്ടുവന്നാണ് ഇളംപള്ളി ക്ഷേത്രസമിതി സ്വര്‍ണകവാടം ആഘോഷത്തോടെ സ്വീകരിച്ചത്. രാവിലെ ആറോടെ ഇളംപള്ളിയിലെത്തിച്ച സ്വര്‍ണവാതില്‍ എതിരേല്പ്പോടെയാണ് ആനക്കൊട്ടിലിലേക്കു കൊണ്ടുവന്നത്.
അതിഥികളുടെ സാന്നിധ്യത്തില്‍ ചെറിയൊരു സമ്മേളനവും നടത്തിയിരുന്നു. പിന്നീട് എരുമേലി, മുക്കൂട്ടുതറ വഴി രാത്രി പമ്പയിലെത്തിച്ച് രാത്രി സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ സന്നിധാനത്തെത്തിച്ച് ക്ഷേത്രവാതിലില്‍ ചേര്‍ത്തു പിടിപ്പിക്കുകയും ചെയ്തു.