ബസുകളുടെ വൃത്തി പരിശോധിക്കാൻ സ്പെഷൽ ഡ്രൈവ്
Saturday, October 4, 2025 1:34 AM IST
ചാത്തന്നൂർ: സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളുടെ വൃത്തി പരിശോധിക്കാൻ സ്പെഷൽ ഡ്രൈവ് നടത്തും. സിഎംഡിയുടെ സ്ക്വാഡിലെ ഇൻസ്പെക്ടർമാരാണ് പരിശോധകർ. ജില്ലാതലത്തിലാണ് ഇത് നടപ്പാക്കുന്നത്.
ബസുകൾ കഴുകിയിട്ടുണ്ടോ, വൃത്തിയും വെടിപ്പുമുണ്ടോ, ശുചിത്വം പാലിക്കുന്നുണ്ടോ, അനാവശ്യ സാധനങ്ങൾ ബസിനുള്ളിലുണ്ടോ തുടങ്ങിയവയെക്കുറിച്ച് പരിശോധന നടത്താനാണ് ഇൻസ്പെക്ടർമാർക്ക് സിഎംഡി പ്രയോജ് ശങ്കർ നിർദേശം നല്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം ആയൂരിൽവച്ച് ഒരു ബസ് മന്ത്രി നേരിട്ട് തടഞ്ഞുനിർത്തുകയും അതിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കണ്ട് രോഷാകുലനാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിഎംഡി ഉത്തരവിറക്കിയത്.