ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി ഡോ. അപർണ ദാസ്
Saturday, October 4, 2025 1:35 AM IST
മലപ്പുറം: ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടി മലയാളി ഡോ. അപർണ ദാസ്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസേവിയറും ചേർന്ന് പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് കോട്ടയം മാഞ്ഞൂർ സ്വദേശിനിയും നിലവിൽ റിസർച്ച് കണ്‍സൾട്ടന്റും അലൈനർ എഐയിൽ എഐ ട്രെയിനറുമായ ഡോ. അപർണദാസ് ഇടംപിടിച്ചത്. യുകെയിലെ ബിസിനസുകാരനായ മലപ്പുറം ചെട്ടിപ്പടി സ്വദേശി രാജേഷ് അമ്മാട്ടാണു ഭർത്താവ്.
ഫ്രാൻസിലെ ജോസഫ് ഫോറിയർ സർവകലാശാലയിൽനിന്നാണ് അപർണ ദാസ് നാനോ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. യുഎസിലെ കലിഫോർണിയ സർവകലാശാലയിൽ ഗവേഷകയായിരുന്നു. ജർമനിയിലെ ഗോട്ടിഗനിലെ ജോർജ് ഓഗസ്റ്റ് യൂണിവേഴ്സിറ്റിയിലും ഗവേഷകയായിരുന്നു. സൗദി അറേബ്യയിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ്് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിൽ 152 പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ രചിക്കുകയും 53 അന്താരാഷ്ട്ര കോണ്‍ഫറൻസുകളിൽ പ്രത്യേക സംഭാവനകൾ നൽകിയിട്ടുമുണ്ട്.
യുവ വനിതാ ഗവേഷക അവാർഡ്, ഔട്ട്സ്റ്റാൻഡിംഗ് റിസർച്ചർ അവാർഡ്, യൂറോപ്യൻ മൈക്രോസ്കോപ്പി സൊസൈറ്റി (ഇഎംഎസ്) ഔട്ട്സ്റ്റാൻഡിംഗ് പേപ്പർ അവാർഡുകൾ, മേരി-ക്യൂറി ഫെലോഷിപ്പ്, സിഇഎ-സിഎൻആർഎസ് റിസർച്ച് ഫെലോഷിപ്പ്, ബ്രെയിൻ കൊറിയ 21 ഫെലോഷിപ്പ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഫെലോഷിപ്പുകൾ നേടിയിട്ടുണ്ട്. ഡോ. അപർണ ദാസ്, അന്താരാഷ്ട്ര ജേർണലുകളുടെ കോ എഡിറ്റർ ഇൻ ചീഫ്, ഗസ്റ്റ് എഡിറ്റർ, പീർ റിവ്യൂവർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം കുറുപ്പന്തറയിലെ സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് കല്ലറയിലെ എസ്എംവിഎൻഎസ്എസ് എച്ച്എസ്എസിൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഫോട്ടോണിക്സിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദവും നേടി.
ഇപ്പോൾ യുകെയിലെ സതാംപ്ടണിലാണ് താമസിക്കുന്നത്. കോട്ടയം മാഞ്ഞൂരിലെ ‘അരുണോദയം’ വീട്ടിൽ പി.എൻ. മാധവൻ- ലീല ദന്പതികളുടെ മകളാണ്.