അധ്യാപക നിയമനം: കേരള കോണ്‍ഗ്രസ് ധര്‍ണ ഏഴിന്
Saturday, October 4, 2025 1:35 AM IST
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഏഴിന് രാവിലെ 11ന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് മോന്‍സ് ജോസഫ് എംഎൽഎ. ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രിസ്ത്യന്‍ സഭകളെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രീതി മന്ത്രിയും സര്‍ക്കാരും അവസാനിപ്പിക്കണം.
മൂന്നു വര്‍ഷമായി തുടരുന്ന വിഷയത്തില്‍ ഇപ്പോഴാണ് മാനേജ്മെന്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. ജാതിയും മതവും ഉപയോഗിച്ചാണ് മന്ത്രി ഭീഷണിപ്പെടുത്തിയത്. ക്രൈസ്തവ സഭകള്‍ ഒരു ഭീഷണിയും മുഴക്കിയിട്ടില്ല. ഭിന്നശേഷി സംവരണം ക്രൈസ്തവ മാനേജ്മെന്റ് പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് മന്ത്രി നടത്തുന്നത്.
സഭകള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനുള്ള സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് വ്യക്തമായെന്നും മോന്‍സ് ജോസഫ് പറഞ്ഞു. വിഷയത്തില്‍ സമവായത്തിന്റെ നിലപാടില്‍ സര്‍ക്കാര്‍ എത്തണം.
തങ്ങള്‍ ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നശേഷമാണു കേരള കോണ്‍ഗ്രസ്-എം പ്രതിനിധികള്‍ മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. അവര്‍ കണ്ടശേഷമാണ് ക്രൈസ്തവ സഭകള്‍ക്കെതിരേ വിദ്യാഭ്യാസമന്ത്രി വെല്ലുവിളി തുടങ്ങിയതെന്നും മോൻസ് പറഞ്ഞു.