കെപിസിസി പുനഃസംഘടന; 58 പേരുടെ ആദ്യഘട്ട പട്ടിക ഹൈക്കമാൻഡിനു കൈമാറി
Saturday, October 4, 2025 2:16 AM IST
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ 58 അംഗ പട്ടിക ഹൈക്കമാൻഡിന് കൈമാറി.
48 ജനറൽ സെക്രട്ടറിമാരും ഒൻപത് വൈസ് പ്രസിഡന്റുമാരും ട്രഷററുമടങ്ങുന്നവരുടെ പേരുള്ള പട്ടികയാണു കേന്ദ്ര നേതൃത്വത്തിനു കൈമാറിയത്. ജംബോ പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ കെപിസിസിയുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരമാകും.
ജനറൽ സെക്രട്ടറിമാരുടെ പട്ടിക അംഗീകരിച്ചാൽ, ഇവരാകും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഘടനാ സംവിധാനത്തിൽ നിർണായകമാകുക. പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും അടക്കം 62 പേരാകും കെപിസിസിക്ക് ചുക്കാൻ പിടിക്കുക.
നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽ ഭൂരിപക്ഷം പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയവരേയും ഡിസിസി പുനഃസംഘടനയിൽ തഴയപ്പെട്ടവരേയും മുൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു വിവരം.
അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക വെട്ടിക്കുറയ്ക്കാൻ ഇനിയും കഴിയാത്ത സാഹചര്യത്തിലാണ് അന്തിമധാരണയാകാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് കെപിസിസി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ നേതാക്കൾക്കിടയിലും ആശങ്കയുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനാ നടപടികളും കടുത്ത തർക്കത്തിലാണ്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും കോണ്ഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവർത്തനങ്ങളിലേക്കു കടന്നിട്ടില്ലെന്ന പരാതി യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വ്യാപകമാണ്.
അതിനിടെ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ആറിന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരത്തു ചേരും. ശബരിമല സ്വർണപ്പാളി വിഷയത്തിലെ തുടർസമരം അടക്കമുള്ളവയാണ് അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനു പിന്നാലെ സമദൂരം വെടിഞ്ഞു സിപിഎമ്മിനു പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് നിലപാടും രാഷ്ട്രീയകാര്യസമിതിയിലുണ്ടാകും.