സ്വർണപ്പാളി വിവാദം ; ചെന്നൈയിൽ എത്തിച്ചത് ചെന്പുപാളികൾ: വി.ഡി. സതീശൻ
Saturday, October 4, 2025 2:16 AM IST
അടിമാലി: സ്വർണം അടിച്ചുമാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെന്പുപാളികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയുടെ നേതൃത്വത്തിൽ അടിമാലിയിൽ സംഘടിപ്പിച്ച കർഷക കോണ്ക്ലേവിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
സ്വർണം നഷ്ടപ്പെട്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും റിപ്പോർട്ട് മൂടിവച്ചത് ആരെ സഹായിക്കാനാണെന്നു വ്യക്തമാക്കണം. ഇടനിലക്കാരനെ കൂട്ടുപിടിച്ച് ശബരിമലയിലെ സ്വർണക്കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണം. ഇവർ ഇരിക്കുന്ന കാലത്തോളം അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ നൽകേണ്ടി വരും.
ശബരിമലയിലെ സ്വർണം കട്ടെടുത്തതു സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാണ്. ചെന്പ് പാളികൾ മാത്രമേ എത്തിയിട്ടുള്ളുവെന്നാണ് നിർമാണം ഏറ്റെടുത്ത കന്പനി പറയുന്നത്. സ്വർണം ഇവിടെ വച്ചുതന്നെ അടിച്ചു മാറ്റി ചെന്പ് പാളികൾ മാത്രം ചെന്നൈയിൽ എത്തിച്ചെന്നാണ് അതിന്റെ അർഥം.
സ്വർണപ്പാളികൾ ശബരിമലയിൽ നിന്നു കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു? ചെന്പ് മോൾഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഈ ദിവസങ്ങൾ. ആരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി? ആരാണ് ഇയാളെ സ്വർണപ്പാാളികൾ ഏൽപ്പിച്ചതെന്നറിയണം.
ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ മാത്രമേ ശബരിമലയിൽനിന്നു സാധനങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ പാടുള്ളൂ. സ്വർണം പൂശണമെങ്കിൽ ക്ഷേത്ര പരിസരിത്തുവച്ചുതന്നെ അതു ചെയ്യണം. പുറത്തേക്കു കൊണ്ടുപോകാൻ പാടില്ല. പുറത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ്? ദേവസ്വം ബോർഡിനും സർക്കാരിനും ഇതിൽ കൃത്യമായ പങ്കുണ്ട്.
2019 മുതൽ 2025 വരെ നടത്തിയ ഇടപാടുകൾ നോക്കിയാൽ അവിടെത്തന്നെയാണ് കള്ളന്മാരുള്ളതെന്ന് മനസിലാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.