ചികിത്സാപിഴവുമൂലം ഒന്‍പതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതായി പരാതി
Saturday, October 4, 2025 1:34 AM IST
പാലക്കാട്: ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതു ചികിത്സാപിഴവു മൂലമാണെന്ന കുടുംബത്തിന്റെ ആരോപണത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറാണ് അന്വേഷണത്തിനു നിർദേശം നൽകിയത്. ഡോ. പദ്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണച്ചുമതല. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു.
പല്ലശന ഒഴിവുപാറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരിക്കേറ്റ പെണ്‍കുട്ടിക്കു കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിനു കാരണമായതെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണു ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.
സെപ്റ്റംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്കു പരിക്കേൽക്കുന്നത്. ജില്ലാ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി കൈയിൽ പ്ലാസ്റ്ററിട്ടു വീട്ടിലേക്കു വിട്ടു. പിന്നീട് കുട്ടിക്കു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.