സര്‍ക്കാരിനു വീഴ്ച പറ്റി: സണ്ണി ജോസഫ്
Saturday, October 4, 2025 2:16 AM IST
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളി സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വീഴ്ച സംഭവിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എത്ര കിലോ സ്വര്‍ണം നഷ്ടമായെന്ന് ആര്‍ക്കും വ്യക്തമല്ല. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവനയില്‍ വിശ്വാസമില്ല. കള്ളന് കപ്പലില്‍ത്തന്നെയാണ്. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് ഭരണതലത്തില്‍ സ്വാധീനമുണ്ട്.
സര്‍ക്കാര്‍ ആത്മാര്‍ഥതയില്ലാതെ അയ്യപ്പസംഗമം നടത്തിയത് പ്രഹസനമാണെന്ന് ഈ സംഭവം വ്യക്തമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വീഴ്ചയ്ക്കെതിരേ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഒന്നിലേറെ പേരുകള്‍ ആവര്‍ത്തിച്ചു കാണുന്നു. ഇത്തരം ഇരട്ടവോട്ടുള്ളവര്‍ക്ക് രണ്ട് ഐഡി കാര്‍ഡ് നല്‍കിയും തട്ടിപ്പ് നടത്തുന്നുണ്ട്. യുഡിഎഫ് ഇതേക്കുറിച്ച് പരാതി നല്‍കിയിട്ട് യാതൊരു പരിഹാരവുമുണ്ടാകുന്നില്ല.
രാഹുല്‍ഗാന്ധി നടത്തുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് പിന്തുണയേകി ഒക്ടോബര്‍ മൂന്നാം വാരം കോഴിക്കോട് ബീച്ചില്‍ വന്‍ കോണ്‍ഗ്രസ് റാലി നടത്തും. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുൻ ഖാര്‍ഗെയും റാലിയെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.