ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം റബര്‍തോട്ടത്തില്‍ തള്ളി; ഭര്‍ത്താവ് പിടിയില്‍
Saturday, October 4, 2025 2:16 AM IST
തൊടുപുഴ/കുറവിലങ്ങാട്: കുറവിലങ്ങാട്ടുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴ ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപം റബര്‍തോട്ടത്തില്‍ കണ്ടെത്തി.
ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജിന്റെ (50) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പോലീസ് കണ്ടെത്തിയത്. ഉടുമ്പന്നൂര്‍-തട്ടക്കുഴ-ചെപ്പുകുളം റോഡില്‍ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പുരയിടത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
റോഡില്‍നിന്ന് 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് കപ്പടാകുന്നേല് സാം ജോര്‍ജിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ചെപ്പുകുളത്ത് ഉപേക്ഷിച്ചതായി ഇയാള്‍ നല്കിയ മൊഴിയെത്തുടര്‍ന്നായിരുന്നു കുറവിലങ്ങാട് പോലീസും കരിമണ്ണൂര്‍ പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കുടുംബവഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ് കൊലപ്പെടുത്തി മൃതദേഹം റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇരുനിലവീട്ടിൽ രണ്ടു നിലകളിലായാണ് സാമും ജെസിയും പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്നത്. മൂന്ന് മക്കളാണുള്ളത്. മൂന്നുപേരും വിദേശത്താണ്. ജെസി എല്ലാ ദിവസവും വിദേശത്തുള്ള മക്കളുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം 26ന് മക്കള്‍ ജെസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇവര്‍ അറിയിച്ചതിനെ ത്തുടര്‍ന്ന് ഇവരുടെ അഭിഭാഷകന് ശശികുമാറും കുടുംബസുഹൃത്തും വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ജെസിയെ കാണാനില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കുറവിലങ്ങാട് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാം ജോര്‍ജിനെ മൈസൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജെസിയെ കൊലപ്പെടുത്തിയതായി സാം ജോര്‍ജ് സമ്മതിച്ചത്.
കഴിഞ്ഞ മാസം 26ന് കുറവിലങ്ങാട്ടുള്ള വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കവും വഴക്കുമുണ്ടാകുകയും ജെസിയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീട്ടില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് പുലര്‍ച്ചെ വാഹനത്തില്‍ കയറ്റി ചെപ്പുകുളത്ത് എത്തിച്ച് റോഡരികില്‍നിന്നു താഴേക്ക് തള്ളി. ഇതിനു ശേഷം സാം ജോര്‍ജ് കർണാടകയിലേക്ക് കടന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതി ചെപ്പുകുളത്ത് താമസിച്ചിരുന്ന സ്ഥലപരിചയത്തിലാണ് ജെസിയുടെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചത്.
കസ്റ്റഡിയിലെടുത്ത സാം ജോര്‍ജിനൊപ്പം സുഹൃത്തായ വിദേശ വനിതയും ഉണ്ടായിരുന്നു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ഒരാഴ്ചയോളം പഴക്കമുള്ളതിനാല്‍ മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.
തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം റോഡിലെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.