നിർഭയത്വം മുഖമുദ്രയാക്കിയ മാധ്യമപ്രവർത്തകൻ
Saturday, October 4, 2025 1:35 AM IST
ജോണ് മേരി (മുതിർന്ന മാധ്യമപ്രവർത്തകൻ)
വാർത്തയിൽ ഉയർത്തിപ്പിടിക്കേണ്ട കണിശമായ മൂല്യബോധവും വസ്തുതകൾ ഉച്ചത്തിൽ വിളിച്ചുപറയാനുള്ള ധീരതയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന് മാധ്യമലോകം നൽകിയ ചുരുക്കെഴുത്തായിരുന്നു ‘ടിജെഎസ്’ എന്ന മൂന്നക്ഷരം. ഇന്ത്യൻ പത്രലോകത്തിന്റെ ശീർഷകമായി പതിറ്റാണ്ടുകൾ നിലകൊണ്ട, പ്രലോഭനങ്ങൾക്ക് പിടികൊടുക്കാത്ത മാതൃകാ പത്രവർത്തകനായിരുന്നു ടി.ജെ.എസ്. ജോർജ്.
റിപ്പോർട്ടറുടെ വിശാലമായ അനുഭവപരിചയവും എഡിറ്ററുടെ കണിശതയും ക്രാഫ്റ്റും ഒത്തു ചേർന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ. കൗതുകവും ജിജ്ഞാസയും വിടാതെ ഓരോ സംഭവങ്ങളെയും സൂക്ഷ്മമായി നോക്കിക്കണ്ട വിശകലന മനസിനുടമ.
മുതിർന്ന മാധ്യമപ്രവർത്തകരുടെ നിരയിൽ നിലയുറപ്പിച്ചിരുന്ന കാലത്തും സംഭവങ്ങളുടെ വിശദാംശങ്ങൾ തേടി അദ്ദേഹം ഒരു തുടക്കക്കാരനായ റിപ്പോർട്ടറെപോലെ സഞ്ചരിച്ചു. കേരള രാഷ്ട്രീയത്തിലെയും പ്രത്യേകിച്ച് കോണ്ഗ്രസിലെ ഗ്രൂപ്പ് പോരിന്റെയും കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് താരതമ്യേന ജൂനിയേഴ്സായ ഞങ്ങൾക്കൊപ്പം നടത്തിയ വാർത്താ സഞ്ചാരങ്ങളാണ് ഓർമയിൽ വരുന്നത്.
കേരളത്തിനു പുറത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന ഭൂമികയെങ്കിലും കേരള രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവ് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ഒരു നല്ല റിപ്പോർട്ടർ എങ്ങനെയായിരിക്കണമെന്നതിനും ഒരു നല്ല എഡിറ്റർ എങ്ങനെയായിരിക്കണമെന്നുമുള്ള നിർവചനങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ ഇടയിൽ ഒരു പേരെ ഉണ്ടായിരുന്നുള്ളൂ, അതായിരുന്നു ടിജെഎസ്.
പത്രങ്ങളുടെ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങൾ വന്ന കാലത്ത് ഇന്ത്യൻ എക്സ്പ്രസിന് ആധുനിക മുഖം നൽകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. രാംനാഥ് ഗോയങ്കെയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാൾ. പല കാര്യങ്ങളിലും ഗോയങ്കെ ടിജെഎസിന്റെ അഭിപ്രായങ്ങൾ തേടിയിരുന്നതായി കേട്ടിട്ടുണ്ട്. ഓരോ സംഭവങ്ങളിലും അദ്ദേഹം വച്ചുപുലർത്തിയ സ്വതന്ത്രമായ വീക്ഷണങ്ങളാണ് പത്രപ്രവർത്തകർക്കിടയിൽ ടിജെഎസിനെ വ്യത്യസ്തനാക്കിയത്.
ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയെ എതിർത്തതിനു ജയിലലടയ്ക്കപ്പെട്ട ടിജെഎസ്, സ്വതന്ത്ര ഇന്ത്യയിൽ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ പത്രാധിപരാണ്. അദ്ദേഹത്തിന്റെ നിലപാടുകൾ എത്രമാത്രം ഉറച്ചതായിരുന്നു എന്നതിന്റെ ഒരുദാഹരണം മാത്രമാണത്.
ഇംഗ്ലീഷായാലും മലയാളമായാലും, ഭാഷയെ കൃത്യമായും മനോഹരമായും കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകരിൽ മുന്നിലായിരുന്നു ടിജെഎസ്.
തന്റെ പത്രവർത്തന ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ മുതൽ വി.കെ. കൃഷ്ണമേനോൻ, നർഗീസ്, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയവരെക്കുറിച്ചുള്ള ജീവചരിത്ര കുറിപ്പുകൾ വരെയുള്ള ഇരുപതോളം പുസ്തകങ്ങളിൽ അതിന്റെ അനശ്വരമായ അടയാളങ്ങളുണ്ട്.
ആ പുസ്തകങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും അത് തിരിച്ചറിയും. അരനൂറ്റാണ്ടിലേറെക്കാലം വാർത്തകളുടെ ലോകത്തെ വലിയ സാന്നിധ്യമായിരുന്ന ടിജെഎസ് വിടപറയുന്പോൾ, സത്യത്തെയും നീതിയെയും മുറുകെ പുണർന്ന കാന്പും കരുത്തുമുള്ള അക്ഷരങ്ങളുടെ ഒരു ഘോഷയാത്ര കൂടിയാണ് കാലത്തിന്റെ യവനിക താണ്ടുന്നത്.