വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ; തട്ടിപ്പിനിരയായ സിപിഎം നേതാവിനും നീതിയില്ല
Saturday, October 4, 2025 2:16 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നടത്തി കോടികൾ തട്ടിച്ചെന്ന സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയിലും കേസെടുത്ത് അന്വേഷണം നടത്താതെ പോലീസ് കള്ളക്കളി.
തന്റെ രേഖകൾ ദുരുപയോഗപ്പെടുത്തി 43 കോടിയോളം രൂപ വിവിധ കടലാസ് കമ്പനികളുടെ പേരിൽ തട്ടിയെടുത്തെന്ന കോട്ടയത്തെ സിപിഎം പ്രാദേശിക നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കാത്തത്.
24 കമ്പനികളുടെ പേരിൽ 43 കോടി രൂപയുടെ ഇടപാടുകളാണ് തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗപ്പെടുത്തി നടത്തിയതെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ 31ന് ഇദ്ദേഹം കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
മെറ്റൽ ആൻഡ് അലോയ്സ്. എന്റർപ്രൈസസ്, ട്രേഡേഴ്സ്, ഡയറക്ട് മാർക്കറ്റിംഗ് ഏജൻസീസ്, മെറ്റൽ മാർട്ട്, സ്റ്റീൽസ്, ഏജൻസീസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പേരിലാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ജിഎസ്ടി തട്ടിപ്പു നടന്നതായി പരാതിയിൽ പറയുന്നത്.
പോലീസ് സ്റ്റേഷൻ, ജിഎസ്ടി ഓഫീസ്, ഇൻകം ടാക്സ് ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ കയറിയിറങ്ങിയെങ്കിലും നീതി ലഭിച്ചില്ല.
കേസെടുക്കാത്തിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയെ നേരിട്ടു കണ്ടു പരാതിപ്പെട്ടിരുന്നതായും വിവിധ തലങ്ങളിൽ നൽകിയ പരാതികളിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ താത്കാലിക ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഇതുവരെ ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടില്ല. മകളുടെ വിദേശ വിദ്യാഭ്യാസ കാര്യത്തിനായി ഇൻകംടാക്സ് റിട്ടേണ്‍ ഫയൽ ചെയ്തപ്പോഴാണ് തന്റെ രേഖകൾ ഉപയോഗിച്ചു കോടികളുടെ തട്ടിപ്പു നടക്കുന്നതായി ബോധ്യപ്പെട്ടത്.
കേരളത്തിലെ വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള 20ഓളം പേരുടെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും പോലീസ് കേസെടുത്തിട്ടില്ലെന്നാണു വിവരം. ശത കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇതു മറയാക്കി സംസ്ഥാന വ്യാപകമായി അരങ്ങേറുന്നതെന്നാണ് പരാതി.