സിറിയൻ പാർലമെന്റിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ്
Saturday, October 4, 2025 12:30 AM IST
ഡമാസ്കസ്: അസാദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷമുള്ള ആദ്യ പാർലമെന്റ് രൂപീകരിക്കാനായി സിറിയയിൽ ഞായറാഴ്ച തെരഞ്ഞെടുപ്പ്. ഇലക്ടറൽ കോളജ് അംഗങ്ങൾ എംപിമാരെ തെരഞ്ഞെടുക്കുന്ന പരോക്ഷ തെരഞ്ഞെടുപ്പു രീതിയായിരിക്കും അവലംബിക്കുക.
ഒന്നര പതിറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ സിറിയൻ ജനസംഖ്യയിൽ നല്ലൊരു വിഭാഗം രാജ്യത്തുനിന്നു പലായനം ചെയ്തതും അവശേഷിക്കുന്നവരുടെ വ്യക്തമായ കണക്ക് ലഭ്യമല്ലാത്തും മൂലമാണ് പരോക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണു വിശദീകരണം.
2010 അംഗ പാർലമെന്റിലെ മൂന്നിൽ രണ്ടു വിഭാഗത്തെയും ഇലക്ടറൽ കോളജുകൾ തെരഞ്ഞെടുക്കും. അവശേഷിക്കുന്ന അംഗങ്ങളെ പ്രസിഡന്റ് അഹമ്മദ് അൽ ഷാര നേരിട്ടു നിയമിക്കും.
കുർദുകൾക്കു നിയന്ത്രണമുള്ള വടക്കുകിഴക്കൻ മേഖലയിലും ദ്രൂസ് ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള സുവെയ്ദ പ്രവിശ്യയിലും തെരഞ്ഞെടുപ്പു നടത്തേണ്ടെന്നാണ് തീരുമാനം.