മാര്‍ സെബാസ്റ്റ്യന്‍ വടക്കേൽ ഉജ്ജയിന്‍ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു
Saturday, October 4, 2025 2:16 AM IST
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ സ്ഥാനാരോഹണവും നടന്നു. നിരവധി മെത്രാന്മാരും വൈദികരും സമര്‍പ്പിതരും മൂവായിരത്തോളം വിശ്വാസികളും പങ്കെടുത്ത ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെയായിരുന്നു അതിരൂപത പ്രഖ്യാപനവും സ്ഥാനാരോഹണവും.
ഇന്നലെ ഉജ്ജയിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോമലബാർ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. രാവിലെ 9.30ന് പഴയ പള്ളിയിൽനിന്ന് പ്രദക്ഷിണമായി കാര്മികര് ബലിവേദിയിലേക്ക് എത്തിയതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.
അതിരൂപതാ പ്രഖ്യാപനത്തിന്റെയും മെത്രാപ്പോലീത്താ നിയമനത്തിന്റെയും ഡിക്രികള്‍, സഭയുടെ കൂരിയ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. ജോണ്‍ കൊണ്ടുപറമ്പില്‍ എന്നിവര്‍ യഥാക്രമം ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചു.
മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളും ശുശ്രൂഷകളും മേജര്‍ ആര്‍ച്ച്ബിഷപ് നയിച്ചു. സ്ഥാനാരോഹണ ശുശ്രൂഷകളില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ മുഖ്യ സഹകാര്‍മികരായിരുന്നു.
ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. എ. ദുരൈരാജ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന് എന്നിവരുള്‍പ്പെടെ മധ്യപ്രദേശിലും പുറത്തുമുള്ള 24 മെത്രാന്മാര്, വിവിധ മേജര്‍ സുപ്പീരിയര്മാര് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വത്തിക്കാന്‍ നുണ്‍ഷ്യേച്ചറിന്റെ പ്രതിനിധി ഫാ. ആല്‍ബര്‍ട്ടോ നാപ്പോളിത്താന നുണ്‍ഷ്യോയുടെ സന്ദേശം വായിച്ചു.
ശുശ്രൂഷകളെത്തുടര്‍ന്ന് ഉജ്ജയിന്‍ അതിരൂപതയിലെ വൈദികര്‍ പുതിയ ആര്ച്ച്ബിഷപ്പിനോടുള്ള വിധേയത്വമറിയിച്ചു. മെത്രാന്മാരും വൈദികരും ആര്‍ച്ച്ബിഷപ്പിനെ അനുമോദിച്ചു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പ്രസംഗിച്ചു. എംപിമാര്‍, എംഎല്‍എമാര്‍, മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരും ആശംസകള്‍ അറിയിക്കാനെത്തി.