ബാഹ്യ ആഘാതങ്ങളെ ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ ശേഷി അതിശക്തം: നിർമല സീതാരാമൻ
Saturday, October 4, 2025 2:16 AM IST
ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്നതിനിടെ തീരുവകൾ ആഗോള സന്പദ്ഘടനയെ പുനർരൂപകല്പന ചെയ്യുകയാണെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ആഗോള സാന്പത്തിക അസ്ഥിരതയുടെ യുഗത്തിലൂടെയാണ് നാം കടന്നുപോകുന്നതെങ്കിലും ബാഹ്യ ആഘാതങ്ങളെ ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ ശേഷി അതിശക്തമാണെന്നും ന്യൂഡൽഹിയിൽ നടന്ന സാന്പത്തിക കോണ്‍ക്ലേവിൽ ധനമന്ത്രി പറഞ്ഞു.
ആഭ്യന്തരഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളർച്ചയെന്നതിനാലാണ് ഇത്തരം ആഘാതങ്ങൾ നമുക്ക് കുറഞ്ഞ പ്രഹരമേൽപ്പിക്കുന്നതെന്നും നിർമല കൂട്ടിച്ചേർത്തു.
യുദ്ധങ്ങളും നയതന്ത്രപരമായ മത്സരങ്ങളും സഹകരണത്തിന്റെയും സംഘർഷങ്ങളുടെയും അതിർവരന്പുകൾ പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ ഉറച്ചതായി തോന്നിയ സഖ്യങ്ങൾ പരീക്ഷിക്കപ്പെടുകയും പുതിയ സഖ്യങ്ങൾ ഉയർന്നുവരികയും ചെയ്യുന്നു. അതിനാൽ നമ്മൾ നേരിടുന്നത് താത്കാലികമായ ഒരു തടസമല്ല, മറിച്ച് ഘടനാപരമായ ഒരു പരിവർത്തനമാണെന്നും നിർമല വിശദീകരിച്ചു.
ആഗോള സന്പദ്ഘടന പുനർരൂപകല്പനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്പോൾ ഇന്ത്യക്ക് വെറുതെ കാഴ്ചക്കാരായി തുടരാൻ കഴിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോൾ എന്തു ചെയ്യാൻ തീരുമാനിക്കുന്നുവെന്നതാണ് രാജ്യത്തിന്റെ ഭാവിയിലെ സ്ഥാനത്തെ നിർണയിക്കുന്നത്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കെത്താൻ എട്ടു ശതമാനം ജിഡിപി വളർച്ചയിലേക്കെത്തണം.
സ്വയംപര്യാപ്തതയിലൂടെ വികസനമെന്നാൽ നമ്മളൊരു അടഞ്ഞ സന്പദ് വ്യവസ്ഥയാകണമെന്നല്ലെന്നും നിർമല വ്യക്തമാക്കി.