ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് വ്യോമസേനാ മേധാവി
Saturday, October 4, 2025 2:16 AM IST
സനു സിറിയക്
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’ൽ പാക്കിസ്ഥാൻ സൈന്യത്തിനു വ്യാപക നാശം നേരിട്ടതായി വ്യോമസേനാ മേധാവി എയർമാർഷൽ എ.പി. സിംഗ്. ഇന്ത്യൻ സേനയുടെ ആക്രമണത്തെത്തുടർന്ന് അറ്റകുറ്റപ്പണികളിലായിരുന്ന നാലോ അഞ്ചോ എഫ് 16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനു നഷ്ടമായി.
ഇന്ത്യ നടത്തിയ ദീർഘദൂര മിസൈൽ ആക്രമണത്തിൽ എഫ്16 , ജെഎഫ് 17 വിഭാഗത്തിൽപ്പെടുന്ന പാക്കിസ്ഥാന്റെ അഞ്ച് പുതുതലമുറ യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായും വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു. കൂടാതെ സി 130 വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാൻസ്പോർട്ട് വിമാനം, വ്യോമതാവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നാല് ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന റഡാറുകൾ, രണ്ടു കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററുകൾ, ഒരു ഉപരിതല മിസൈൽ സംവിധാനം തുടങ്ങിയവ ഇന്ത്യൻ ആക്രമണത്തിൽ പാക്കിസ്ഥാന് നഷ്ടപ്പെട്ടു.
വ്യത്യസ്ത സ്റ്റേഷനുകളിലായി മൂന്ന് ഹാംഗറുകൾ ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. പാക്കിസ്ഥാന്റെ അതിർത്തി കടന്ന് 300 കിലോമീറ്റർ ദൂരത്തിൽ നടത്തിയ ദീർഘദൂര മിസൈൽ ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ടെന്നും സിംഗ് വ്യക്തമാക്കി.
93-ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യക്കു വലിയ നാശം നേരിട്ടെന്നും നിരവധി യുദ്ധവിമാനങ്ങൾ തകർന്നുവെന്നുമുള്ള പാക്കിസ്ഥാന്റെ അവകാശ വാദങ്ങളെ "മനോഹർ കഹാനിയാം’(സാങ്കല്പിക കഥകൾ) എന്നാണു വ്യോമസേനാ മേധാവി വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ 15 യുദ്ധവിമാനം തകർത്തെന്നു പാക്കിസ്ഥാൻ പറയുന്നു. അവർ അങ്ങനെതന്നെ വിശ്വസിക്കട്ടെ. ഇനി യുദ്ധത്തിനു വരുന്പോൾ ആ 15 കുറച്ചിട്ടുള്ള കണക്കായിരിക്കും പാക്കിസ്ഥാന്റെ പക്കലുണ്ടാകുക. തങ്ങളുടെ പൗരന്മാരോട് എന്തെങ്കിലും പറയുന്നതിനുവേണ്ടിയാണ് പാക്കിസ്ഥാൻ സൈന്യം ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.
ഇന്ത്യയുടെ വ്യോമതാവളങ്ങളിൽ എന്തെങ്കിലും ആക്രമണം നടന്നതിന്റെയോ വിമാനങ്ങൾ നശിപ്പിക്കപ്പെട്ടതിന്റെയോ ചിത്രങ്ങൾ കാണിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ നിരവധി ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടതായും സിംഗ് പറഞ്ഞു.
അതേസമയം, ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള നാശമുണ്ടായതായി വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ചതും വേഗത്തിൽ അവസാനിപ്പിച്ചതുമായ ഒരു യുദ്ധമായിട്ടാണ് "ഓപ്പറേഷൻ സിന്ദൂറി’നെ വ്യോമസേന മേധാവി വിശേഷിപ്പിച്ചത്.
നാലു ദിവസത്തെ സംഘർഷത്തിനുശേഷം ഒരു പാഠമായി അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.