ബ്രിട്ടീഷ് പ്രധാനമന്ത്രി ബുധനാഴ്ച ഇന്ത്യയിലെത്തും
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന സ്റ്റാർമർ വ്യാഴാഴ്ച രാജ്യത്തിന്റെ സാന്പത്തികതലസ്ഥാനമായ മുംബൈ സന്ദർശിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സ്റ്റാർമറുടെ ബുധനാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ എന്തൊക്കെയാണെന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നില്ലെങ്കിലും മുംബൈയിൽ ഇന്ത്യ-യുകെ ബന്ധത്തിന്റെ സമഗ്രസാധ്യതകൾ തുറന്നിടാൻ ലക്ഷ്യമിട്ടുള്ള ‘ഇന്ത്യ-യുകെ വിഷൻ 2035’ ൽ ചർച്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുംബൈയിൽ നടക്കുന്ന സാന്പത്തിക ടെക്നോളജി കോണ്‍ഫറൻസായ ഗ്ലോബൽ ഫിൻചെക് ഫെസ്റ്റിവലിനെ ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാർ അഭിസംബോധന ചെയ്യും.
സ്വതന്ത്ര വ്യാപാര കരാർ അടുത്ത വർഷം പ്രാബല്യത്തിലാകാനിരിക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നു. യുകെയിലേക്കുള്ള തൊഴിൽസാധ്യതകൾ തുറന്നിടുന്നതിനും വിദ്യാഭ്യാസമേഖലയിലും ടെക്നോളജി മേഖലയിലും ഇരുരാജ്യങ്ങളും കൊടുക്കൽ വാങ്ങലുകൾ ശക്തമാക്കുന്നതിനുമുള്ള ചർച്ചയ്ക്കുകൂടി സന്ദർശനം വേദിയാകും.