ബിഹാറിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ യുവാക്കൾക്ക് 62,000 കോടിയുടെ പദ്ധതിയുമായി മോദി
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: തൊഴിലില്ലായ്മയും കുടിയേറ്റവും ബിഹാറിലെ യുവാക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാനായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള വിവിധ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുവാക്കൾ പ്രാഥമിക ഗുണഭോക്താക്കളാകുന്ന 62,000 കോടി രൂപയുടെ സംരംഭങ്ങളാണു പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്. രാജ്യമെങ്ങുമുള്ള യുവാക്കൾക്ക് ഗുണകരമാകുന്ന സംരംഭങ്ങൾക്കാണു പ്രധാനമന്ത്രി തുടക്കമിട്ടതെങ്കിലും അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്കാണ് സർക്കാർ കണ്ണെറിയുന്നതെന്ന് സംരംഭങ്ങളുടെ ഊന്നലും മോദിയുടെ പ്രസംഗവും വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം സേതുവാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. നവീകരിച്ച ഐടിഐകളിലൂടെ നൈപുണ്യവികസനവും തൊഴിൽക്ഷമത രൂപാന്തരവും സാധ്യമാക്കുന്ന പദ്ധതിക്ക് 60,000 കോടി രൂപയാണ് മുതൽമുടക്ക്. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടെയുള്ള 1000 സർക്കാർ ഐടിഐകൾ പദ്ധതിക്കു കീഴിൽ ആധുനികവത്കരിക്കും.
ലോകബാങ്കിൽനിന്നും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽനിന്നും സാന്പത്തികപിന്തുണയുള്ള സംരംഭത്തിന്റെ ആദ്യഘട്ടം ബിഹാറിലെ പാറ്റ്നയിലും ദർബാംഗയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രാജ്യത്തെ 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലുമായി 1200 വൊക്കേഷണൽ നൈപുണ്യ ലാബുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ബിഹാർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തിനടുത്ത് ബിരുദധാരികൾക്ക് രണ്ടു വർഷത്തേക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം 1000 രൂപ പ്രതിമാസ വേതനം ലഭിക്കുന്ന പദ്ധതിക്കും യുവാക്കളെ ഉന്നമിട്ടുള്ള ബിഹാർ വിദ്യാർഥി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും മോദി തുടക്കമിട്ടു. വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി പലിശയില്ലാതെ നാലു ലക്ഷം രൂപ വരെ വായ്പയെടുക്കാൻ അനുവദിക്കുന്നതാണു ബിഹാർ വിദ്യാർഥി ക്രെഡിറ്റ് കാർഡ് പദ്ധതി.
ബിഹാറിന്റെ അഭിവൃദ്ധിക്കായുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനോടൊപ്പംതന്നെ ബിഹാറിലെ പ്രതിപക്ഷത്തെയും മോദി കടന്നാക്രമിച്ചു.
ബിഹാറിലെ വിദ്യാഭ്യാസത്തിന്റെ പരിതാപകരമായ സ്ഥിതിക്കും ബിഹാറിൽനിന്നുള്ള കുടിയേറ്റത്തിന്റെയും വലിയൊരു കാരണം ആർജെഡി ഭരണമാണെന്ന് മോദി കുറ്റപ്പെടുത്തി. ബിഹാറിന്റെ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന്റെ "ജനനായക്’ പദവി തട്ടിയെടുത്ത് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നൽകുകയാണെന്നും മോദി വിമർശിച്ചു.