ആദ്യ അപ്പസ്തോലിക പ്രബോധനവുമായി ലെയോ മാർപാപ്പ
Sunday, October 5, 2025 1:58 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ അപ്പസ്തോലിക പ്രബോധനം തയാറായി. ""ഞാൻ നിന്നെ സ്നേഹിക്കുന്നു’’ (ദിലേക്സി തേ-Dilexi te) എന്നപേരിലുള്ള ഈ അപ്പസ്തോലിക പ്രബോധനം അടുത്ത വ്യാഴാഴ്ച വത്തിക്കാൻ പ്രസ് ഓഫീസിൽ നടക്കുന്ന പത്രസമ്മേളനത്തിൽ ഔദ്യോഗികമായി പ്രകാശനം ചെയ്യും.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഇന്നലെയാണു അപ്പസ്തോലിക പ്രബോധനത്തിൽ മാർപാപ്പ ഒപ്പുവച്ചത്. ഇതിന്റെ ചിത്രം വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടു.
വത്തിക്കാൻ കാര്യാലയത്തിൽ പൊതുകാര്യ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ച്ബിഷപ് എഡ്ഗാര്‍ പെഞ്ഞാ പരയുടെ സാന്നിധ്യത്തിലായിരിന്നു ഒപ്പിട്ടത്.
ലോകത്തിലെ ദരിദ്രരുടെ ആവശ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രബോധനമായിരിക്കും ഇതെന്ന് വത്തിക്കാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ""ദിലേക്സിത് നോസ്'' (അവൻ നമ്മെ സ്നേഹിച്ചു) എന്ന പേരിന്റെ തുടർച്ചയെ സൂചിപ്പിക്കാൻ ലെയോ മാർപാപ്പ ആഗ്രഹിക്കുന്നുവെന്നാണ് ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ തലക്കെട്ടില്‍നിന്നു വ്യക്തമാകുന്നത്.