ബന്ദികളെ മോചിപ്പിക്കാം, ഗാസയുടെ ഭരണം കൈമാറാം: ഹമാസ്
Saturday, October 4, 2025 10:06 PM IST
കയ്റോ: ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം കസ്റ്റഡിയിലുള്ള എല്ലാ ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാൻ തയാറാണെന്നാണ് ഹമാസ് പ്രതികരിച്ചത്. ഗാസയുടെ ഭരണം സ്വതന്ത്ര പലസ്തീൻ സമിതിക്കു കൈമാറാനും സന്നദ്ധമാണ്.
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതി വിശദമായി പഠിച്ചശേഷമാണ് പ്രതികരണമെന്ന് ഹമാസ് അറിയിച്ചു. ഗാസാ ഭരണത്തിനുള്ള സ്വതന്ത്ര സമിതിക്ക് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ വേണം. അതേസമയം, സംഘടനയുടെ നിരായുധീകരണം അടക്കമുള്ള ചില നിർദേശങ്ങളിൽ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ ഹമാസ് നേതൃത്വം തയാറായില്ല.
തടവുകാരെ മോചിപ്പിക്കാൻ ഒരുക്കം
ടെൽ അവീവ്: ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്.
ഇസ്രേലി സേന ആക്രമണം അവസാനിപ്പിച്ച് 72 മണിക്കൂറിനകം ഗാസയിലെ എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ പദ്ധതിയിൽ നിർദേശിക്കുന്നത്. ഇതിനു പകരമായി ഇസ്രേലി ജയിലുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 250 പലസ്തീനികളെയും 2023 ഒക്ടോബർ ഏഴിനു ശേഷം അറസ്റ്റിലായ 1700 പലസ്തീനികളെയും മോചിപ്പിക്കും.