പാളിച്ചയിൽ അന്വേഷണം വേണം; ദേവസ്വം ബോർഡ് ഹൈക്കോടതിയിലേക്ക്
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: വ്യവസായി വിജയ് മല്യ ശ്രീകോവിൽ സ്വർണം പൂശിയ 1998 മുതൽ ഇപ്പോൾ വരെ സ്വർണത്തിന്റെ തൂക്കത്തിലുണ്ടായ കുറവിനെക്കുറിച്ചും സ്പോണ്സർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രാന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ആവശ്യപ്പെടും.
ഏത് അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കാനോ കളങ്കം വരാനോ പാടില്ല. അതുകൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത്.
2025ൽ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതു കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
തിരുവാഭരണം മഹസർ തയാറാക്കി സീൽ ചെയ്ത് നടപടി ക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തിൽ പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയത്.ഈ വാഹനത്തിൽ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ചെന്നൈയിലേക്കു കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോയാണ്. അതിൽ 281 ഗ്രാമായിരുന്നു സ്വർണം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നടന്ന അറ്റകുറ്റപ്പപണികളുടെ ഭാഗമായി 10 ഗ്രാം സ്വർണമാണ് പുതുതായി പൂശിയത്. ഇതു പുനഃസ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതിയിൽനിന്നു ലഭ്യമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17ന് തന്ത്രിയുടെ സാന്നിധ്യത്തിൽ പുനഃസ്ഥാപിക്കും.
2019ലെ അറ്റകുറ്റപ്പണികൾക്കുശേഷം 40 വർഷത്തെ വാറന്റി ഈ പാളികൾക്കുണ്ടെന്നാണ് സ്മാർട്ട് ക്രിയേഷൻസും സ്പോണ്സറും അറിയിച്ചത്. വാറന്റി സ്പോണ്സറുടെ പേരിലായതിനാൽ മാത്രമാണ് 2025ൽ പാളികളുടെ അറ്റകുറ്റപ്പണികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പോണ്സറോട് ആവശ്യപ്പെട്ടത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിന്റെ ഭാഗമായി ഒരു മാസം മുന്പ് 467 കിലോ സ്വർണം റിസർവ് ബാങ്കിന് കൈമാറിയിട്ടുണ്ട്. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പോറ്റിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻപോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ മൂന്നരയ്ക്കു തിരുവനന്തപുരത്തെ ദേവസ്വം വിജിലൻസ് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ നാലര മണിക്കൂറോളം നീണ്ടു.