“സാർ, ദിവസക്കൂലിയെങ്കിലും തരൂ...!
Sunday, October 5, 2025 1:57 AM IST
സിജോ പൈനാടത്ത്
കൊച്ചി: രാവിലെ ഏഴിനെങ്കിലും വീട്ടിൽനിന്ന് ഇറങ്ങിയാലേ തൃശൂർ വരന്തരപ്പിള്ളിയിലുള്ള ഗ്ലോസി ടീച്ചർക്ക് 9.30നു മുന്പ് താൻ പഠിപ്പിക്കുന്ന 70 കിലോമീറ്റർ അകലെയുള്ള മായന്നൂരിലെ എയ്ഡഡ് സ്കൂളിൽ എത്താനാകൂ. വീട്ടിൽനിന്നു തൃശൂർ വരെ സ്വകാര്യബസിൽ യാത്ര.
അവിടുന്ന് ഒരുകൂട്ടം അധ്യാപകർ ചേർന്ന് ഏർപ്പാടാക്കിയ ട്രാവലറിൽ സ്കൂളിലേക്ക്. ടീച്ചറുടെ ഒരു ദിവസത്തെ സ്കൂൾ യാത്രച്ചെലവ് മാത്രം 260 രൂപ.
ഡിഗ്രിക്കുശേഷം സൈക്കോളജിയിൽ എംഎ, ബിഎഡ്, സെറ്റ്, കെ ടെറ്റ് 3 എന്നിവയെല്ലാം സ്വന്തമാക്കിയ ഗ്ലോസി ജോൺ, നേരത്തേ രണ്ടു കോളജുകളിൽ ഗസ്റ്റ് അധ്യാപികയായിരുന്നു. സ്ഥിരം ജോലിയെന്ന സ്വപ്നം പൂവണിയുന്നുവെന്ന സന്തോഷത്തോടെയാണ് മൂന്നു വർഷം മുന്പ് യുപി സ്കൂൾ അധ്യാപനത്തിലേക്കെത്തിയത്.
ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇതുവരെയും ഗ്ലോസിയുടെ നിയമനം വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചിട്ടില്ല. ദിവസവേതനംപോലും സർക്കാർ കൊടുക്കുന്നില്ല. ഗ്ലോസി ഉൾപ്പെടെ ഇതേ സ്കൂളിൽ വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ വേറെയുമുണ്ട്. ഇവരുടെയെല്ലാം അപേക്ഷകൾ ഓരോരോ കാരണങ്ങൾ നിരത്തി വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തടഞ്ഞിരിക്കുകയാണ്. പിഎസ്സിയുടെ 2024ലെ എച്ച്എസ്എസ്ടി സൈക്കോളജി അധ്യാപക റാങ്ക് ലിസ്റ്റിൽ ആറാം റാങ്കുകാരിയാണ് ഗ്ലോസി. ഇതിലെ നിയമനവും എങ്ങുമെത്തിയിട്ടില്ല.
“ഭിന്നശേഷിക്കാർക്ക് അർഹമായ നിയമനം നൽകണം. അതിന് മാനേജ്മെന്റ് സന്നദ്ധവുമാണ്. എന്നിട്ടും ഇല്ലാത്ത കാരണങ്ങൾ നിരത്തിയാണ് ഞങ്ങളെപ്പോലുള്ളവർക്കു ദിവസക്കൂലിപോലും തരാതെ സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്’’ഗ്ലോസി ജോൺ പറയുന്നു.
ഷോപ്പ് നടത്തുന്ന അഭിലാഷ് ആന്റണിയാണു ഗ്ലോസിയുടെ ഭർത്താവ്. രണ്ടു മക്കൾ വിദ്യാർഥികളാണ്. ദിവസക്കൂലി പോലുമില്ലാതെ പഠിപ്പിക്കുന്നതിൽ നിരാശയുണ്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ആവശ്യങ്ങളിലും അധ്യാപനത്തിലും സജീവമായ ഗ്ലോസി ടീച്ചർ കർമധാരയിൽ തെല്ലും പിന്നോട്ടില്ല.
ഞങ്ങൾ അധ്യാപകരല്ലേ, കുട്ടികളെ പഠനത്തിലും ജീവിതത്തിലും വിജയിപ്പിക്കേണ്ടവരല്ലേ, ഞങ്ങളങ്ങനെ തോറ്റുകൊടുക്കാൻ പാടില്ലല്ലോ..! അതേ, ഗ്ലോസി ടീച്ചർ മുന്നോട്ടുതന്നെ.
ഈ ആവലാതി കേരളത്തോട്
“നിങ്ങൾ നന്നായി പഠിക്കണം. എങ്കിലേ വലുതാകുന്പോൾ ടീച്ചർമാരെപ്പോലെ മികച്ച ജോലി കിട്ടൂ, നല്ല ശന്പളം ലഭിക്കൂ, ജീവിതം സന്തുഷ്ടമാകൂ... ഇതൊക്കെ കുട്ടികളോട് ഏത് അധ്യാപകരും പറഞ്ഞുകൊടുക്കാറുള്ളതാണ്.
പക്ഷേ, എനിക്കും എന്നെപ്പോലെ വർഷങ്ങളായി ഒരു രൂപപോലും ശന്പളം കിട്ടാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സഹ അധ്യാപകർക്കും ഈ ഉപദേശം ആത്മാർഥമായി പറഞ്ഞുകൊടുക്കാനാകുന്നില്ല. നന്നായി പഠിച്ച്, മികച്ച വിദ്യാഭ്യാസയോഗ്യതയെല്ലാം നേടിയിട്ടും ശന്പളമില്ലാതെ പഠിപ്പിക്കേണ്ടിവരുന്നൊരു ഗതികേട്..... അതുതന്നെ കാരണം...’’
ഗ്ലോസി ജോണിന്റെ ഈ ആവലാതി, അധ്യാപനത്തെ ആദരവോടെ കാണുന്ന കേരളസമൂഹത്തോടും അവരെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള സർക്കാരിനോടുമാണ്. ഗ്ലോസി ടീച്ചർ ഒരാളല്ല; ഇതുപോലെ വർഷങ്ങളായി ശന്പളമെന്നതു കിട്ടാക്കനിയാകുകയും ജോലിഭാരത്തിനും പണച്ചെലവിനും ഒരു കുറവുമില്ലാതിരിക്കുകയും ചെയ്യുന്ന അനേകം അധ്യാപകർ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്.
ഇവരെല്ലാം ചോദിക്കുന്ന അടിസ്ഥാന ചോദ്യം ഒന്നു മാത്രം- “ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങൾക്കും ജീവിക്കണ്ടേ?’’.