“2019ൽ അഴിച്ചെടുത്തത് സ്വർണപ്പാളികൾ തന്നെ”
Sunday, October 5, 2025 1:57 AM IST
ശബരിമല: ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമാകുന്നു. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇന്നലെ വെളിപ്പെടുത്തി.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.