കോള്‍ഡ്റിഫ് സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവച്ചു
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്റിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിര്‍ത്തിവയ് പിച്ചു. കോള്‍ഡ് റിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിനു പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നടപടി.
ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ മനസിലാക്കിയത്.
എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്റിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാംതന്നെ വിതരണവും വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്റിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടെ യും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ഡിജിഎച്ച്സിന്റെ നിര്‍ദേശപ്രകാരം രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്ദേശിക്കരുത്.
അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്കുന്നെങ്കില് നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെഎംഎസ്സിഎല് വഴി കോള്‍ഡ്റിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ല.
മധ്യപ്രദേശിൽ നിരോധനം
ഭോപ്പാൽ: മധ്യപ്രദേശിലും കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. ചുമയ്ക്കു ഡോക്ടർമാർ നിർദേശിച്ചിരുന്ന മരുന്ന് കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായ ഒൻപത് കുട്ടികൾ ഒരുമാസത്തിനിടെ മരിച്ചതിനെത്തുടർന്നാണ് നിരോധനം.
ചിന്ദ്വാര, നാഗ്പുർ ജില്ലകളിൽനിന്നുള്ള13 കുട്ടികൾ ചികിത്സ യിലാണ്. സിറപ്പ് നിർമിക്കുന്ന കന്പനിയുടെ മറ്റ് ഉത്പന്നങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
""തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഫാക്ടറിയിലാണ് സിറപ്പ് നിർമിച്ചത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നു രാവിലെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയും സ്വീകരിച്ചുകഴിഞ്ഞു’’, മോഹൻ യാദവ് കൂട്ടിച്ചേർത്തു. സംസ്ഥാനതലത്തിലുള്ള അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
മരുന്നിൽ മായം സ്ഥിരീകരിച്ചു
ചെന്നൈ: കോൾഡ്റിഫ് കഫ് സിറപ്പിന്റെ സാന്പിളുകളിൽ മായം അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയെന്ന് തമിഴ്നാട്ടിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.