സുഭാഷ് പാര്‍ക്ക് നവീകരണം പൊതു ഇടങ്ങള്‍ക്കു മാതൃക: മന്ത്രി
Sunday, October 5, 2025 1:57 AM IST
കൊച്ചി: കേരളത്തിലെ പൊതു ഇടങ്ങള്‍ നവീകരിക്കുന്നതില്‍ കൊച്ചി സുഭാഷ് പാര്‍ക്ക് മാതൃകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സുഭാഷ് പാര്‍ക്കില്‍ ആധുനികരീതിയില്‍ സജ്ജീകരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെയും പുതുതായി സ്ഥാപിക്കുന്ന ഇന്ററാക്ടീവ് പ്ലേ ഏരിയയുടെയും ഓപ്പണ്‍ ജിമ്മിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതു ഇടങ്ങള്‍ നവീകരിക്കാനുള്ള ടൂറിസം വകുപ്പിന്റെ ഡിസൈന്‍ പോളിസി ശില്പശാലയ്ക്കുശേഷമുള്ള പ്രധാന ചുവടുവയ്പാണ് സുഭാഷ് പാര്‍ക്ക് നവീകരണം.
സംസ്ഥാനത്തെ ടൂറിസം മേഖല കോവിഡിനുശേഷം സര്‍വകാല റിക്കാര്‍ഡിലേക്ക് എത്തുകയാണ്. 2025ന്റെ ആദ്യ ആറു മാസം ഒരു കോടി 19 ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.5 ശതമാനം വര്‍ധനയും കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ 33.75 ശതമാനം വര്‍ധനയുമുണ്ടായി. വിദേശസഞ്ചാരികളുടെ വരവ് ഈ ആറു മാസം 3,83,000 ആയി വര്‍ധിച്ചു.
വിദേശസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പദ്ധതികളും പരിപാടികളും സംഘടിപ്പിച്ച് മുന്നോട്ടു പോകുമെന്നും, അതില്‍ കൊച്ചി നഗരത്തിനു പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.