ശബരിമല സ്വർണപ്പാളി വിവാദം ; ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശൻ
Sunday, October 5, 2025 1:57 AM IST
ആലുവ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പഴയ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്കുമെതിരേ സിബിഐ അന്വേഷണം വേണമെന്ന് ആലുവ പാലസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
യുബി ഗ്രൂപ്പ് നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കണം. ശബരിമലയിൽനിന്നു കൊണ്ടുപോയ സ്വർണപ്പാളി 40 ദിവസത്തിനുശേഷമാണ് ചെന്നൈ കമ്പനിയിൽ എത്തുന്നത്. ഈ സമയത്ത് എന്തു സംഭവിച്ചുവെന്നതിൽ ദുരൂഹതയുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയെ ഇടനിലക്കാരനായി നിയമിച്ച നടപടിയെ വി.ഡി. സതീശൻ ചോദ്യം ചെയ്തു. പോറ്റി ആരാണെന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ല. സ്വർണത്തിൽ കുറവുണ്ടായി എന്ന് ആദ്യതവണ കണ്ടെത്തിയിട്ടും വീണ്ടും ഇയാളെചുമതലപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
ബോർഡിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഇതിന്റെ പങ്കുപറ്റി. അതിനാൽ, പഴയ ബോർഡ് പ്രസിഡന്റും ഇപ്പോഴത്തെ ബോർഡ് പ്രസിഡന്റും അടക്കമുള്ളവർ അന്വേഷണപരിധിയിൽ വരണം. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും വി.ഡി. സതീശൻ ശക്തമായി വിമർശിച്ചു.
കപടഭക്തിയുടെ മൂർധന്യാവസ്ഥയിലല്ലേ മുഖ്യമന്ത്രി എന്നു ചോദിച്ച പ്രതിപക്ഷനേതാവ്, സ്വന്തം ആളുകൾക്ക് പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഈ തട്ടിപ്പിനെക്കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെയും നേരത്തേയുമുളള ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കുമെതിരേ സിബിഐ അന്വേഷണം വേണം. സ്വർണ്ണപ്പാളി സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയതിനാൽ സംസ്ഥാന പോലീസ് അന്വേഷിച്ചിട്ടു കാര്യമില്ല. സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് അതിശക്തമായ പ്രതിഷേധത്തിലേക്ക് വരുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി.
സ്വർണത്തിൽ കുറവ് വരുത്തിയിരിക്കുന്നുവെന്നതിന് ദേവസ്വം ബോർഡ് പരിശോധനയിൽത്തന്നെ രേഖയുണ്ട്. സ്വർണം എവിടെപ്പോയി? ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഇതിന്റെ ഷെയർ കിട്ടിയിട്ടുണ്ട്. കൂട്ടുകച്ചവടമാണു നടന്നിരിക്കുന്നത്. എന്തിനാണ് മൂടിവച്ചത്, എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല, ഇതേ കളവ് നടത്തിയ ആളുകളെ എന്തിന് ക്ഷണിച്ചുവരുത്തി, ഈ മൂന്ന് ചോദ്യങ്ങൾക്കും മറുപടി വേണം.
അയ്യപ്പവിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സർക്കാരിനോട് ആകെ നന്ദി പറയാനുള്ളത്. കുറച്ചു സമയംകൂടി കിട്ടിയിരുന്നെങ്കിൽ അതും ചെയ്തേനെയെന്നും വി.ഡി. സതീശൻ പരിഹസിച്ചു.