ഭിന്നശേഷി സംവരണം: നിയമോപദേശം തേടുമെന്നു മന്ത്രി
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഒരിക്കൽ കൂടി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
വിമർശനം ഉന്നയിക്കുന്നവർ അടക്കമുള്ളവരോട് ഇക്കാര്യത്തിൽ ചർച്ച നടത്താൻ സർക്കാരിനു തുറന്ന മനസാണുള്ളതെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച നിവേദനം കൈമാറിയിട്ടുണ്ട്. പരാതികൾ പരിശോധിക്കാൻ സർക്കാർ ചർച്ച നടത്തുമെന്ന സൂചനയും മന്ത്രി നൽകി.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്ന കാര്യത്തിൽ കോടതിവിധിക്ക് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങൾ ഉൾക്കൊണ്ട് സർക്കാർ പ്രവർത്തിക്കും.
എന്നാൽ, മാനേജ്മെന്റുകൾ അവരുടെ കടമകൾ നിറവേറ്റണ്ടതുണ്ട്. വിമർശനം ഉന്നയിക്കുന്നവർ ഇക്കാര്യം പരിശോധിക്കണം. കഴിഞ്ഞ നാലു വർഷമായി നിയമപോരാട്ടത്തിൽ ഏതെങ്കിലും തരത്തിൽ ഈ വിമർശനം ഉന്നയിക്കുന്ന മാനേജ്മെന്റുകൾ ഇടപെടാൻ തയാറായിട്ടുണ്ടോ എന്നു മന്ത്രി ചോദിച്ചു.