മഹാനടന് മലയാളത്തിന്റെ ആദരം
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: ചലച്ചിത്രലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ "മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സർക്കാർ ആദരിച്ചു.
വൈകുന്നേരം നാലരയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒത്തുചേർന്നവർക്കിടയിലേക്ക് ഒന്നാമനായി എത്തിയ പ്രിയനടനെ ജനം ആരവങ്ങളോടെ വരവേറ്റപ്പോൾ, മുഖ്യമന്ത്രിയും ഒപ്പം മന്ത്രിമാരും ആദരവറിയിച്ചും ആശംസകൾ നേർന്നും വേദിയിൽ അണിനിരന്നു.
അഭിനയയാത്രയിൽ മോഹൻലാൽ പകർത്തിയത് മലയാളിയുടെ ജീവിതം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ എന്ന അതുല്യപ്രതിഭ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്കാരം.
ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തിൽ മലയാള സിനിമയുടെ കലാമൂല്യം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണെന്ന് കരുതാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങൾ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരള സർക്കാരിനുവേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മോഹൻലാൽ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് തയാറാക്കിയ ശിൽപവും കവി പ്രഭാ വർമ എഴുതിയ കാവ്യപത്രവും വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ "താമരക്കുളത്തിന്റെ ലോകം' എന്ന ചിത്രവും മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, നടി അംബിക തുടങ്ങിയവർ പ്രസംഗിച്ചു.