ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു
Sunday, October 5, 2025 1:57 AM IST
കോട്ടയം: കേരളത്തിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക ലക്ഷ്യമാക്കി ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റും തമ്മില്‍ സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പിട്ടു. മധ്യതിരുവിതാംകൂര്‍ ജില്ലകളെ കേന്ദ്രീകരിച്ച് കേരളത്തിന്റെ പൊതു ആരോഗ്യരംഗത്ത് ഗണ്യമായ മാറ്റം വരുത്താൻ ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ഇന്ത്യയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയുമായി പ്രോജക്ട് കൊളാബറേഷന് എഗ്രിമെന്റ് ഒപ്പിട്ടു. ഇന്ത്യയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോഡറിക്കോ എച്ച് ഓഫ്രിനും കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടറായ റവ. ഡോ. ബിനു കുന്നത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
പ്രോജക്ട് ഏകോപനത്തിനായി കാരിത്താസ് ആശുപത്രിയില്‍ ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ പ്രവര്‍ത്തിക്കും.
രോഗകാരണങ്ങളെ കണ്ടെത്തല്‍, പരിശീലനം എന്നിവയ്ക്കായി ഒരു സമന്വിത പൊതു ആരോഗ്യ ലബോറട്ടറി വികസിപ്പിക്കാന്‍ സഹായം നല്‍കുക, ആരോഗ്യരംഗത്തെ പുതുസംരംഭങ്ങള്‍ സാമന്വയിപ്പിക്കുക എന്നിവയായിരിക്കും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ചുമതല.
ലോകാരോഗ്യ സംഘടന കാരിത്താസ് ആശുപത്രി വഴി നടത്തുന്ന പൊതു ആരോഗ്യ ഇടപെടലുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഗവേഷണത്തിനും സാങ്കേതിക സഹായവും ലഭ്യമാക്കും.