ഓണം ബംപർ നെട്ടൂരിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാൻ കാണാമറയത്ത്
Sunday, October 5, 2025 1:57 AM IST
മരട്: ഓണം ബംപർ നെട്ടൂരിൽ വിറ്റ ടിക്കറ്റിന്. 25 കോടിയുടെ ഭാഗ്യവാൻ കാണാമറയത്ത്. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിൽ രോഹിണി ട്രേഡേഴ്സ് എന്നപേരിൽ വെളിച്ചെണ്ണക്കട നടത്തുന്ന കുമ്പളം സ്വദേശി ലതീഷിന്റെ കടയിൽ വിൽക്കാൻ വച്ച ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ബംപർ സമ്മാനമടിച്ചത്.
ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിന്റെ വൈറ്റിലയിലെ കടയിൽനിന്നാണു വില്പനയ്ക്കായി ടിക്കറ്റ് കൊണ്ടുവന്നത്. വെളിച്ചെണ്ണ ക്കടയ്ക്കൊപ്പം ഒരു വർഷം മുന്പാണ് ലതീഷ് ലോട്ടറി വില്പന തുടങ്ങിയത്.
പല ബിസിനസുകളും നടത്തിയെങ്കിലും ഒന്നും ശരിയാകാതെ വന്നപ്പോഴാണു ലോട്ടറി വില്പനകൂടി തുടങ്ങിയത്. വീട്ടിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും രണ്ടു മാസം മുന്പ് ഒരു കോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിനു ലഭിച്ചതോടെ എതിർപ്പുകൾ മാറിയിരുന്നു. അതിനിടെയാണ് ഇപ്പോൾ ബംപർ ആഹ്ലാദവും എത്തിയത്.
ഓണം ബംപറിന്റെ 1100 ടിക്കറ്റുകളാണു ലതീഷ് വിറ്റത്. ബംപർ അടിച്ച വിവരമറിഞ്ഞ് ഒട്ടേറെയാളുകളാണ് അഭിനന്ദനവുമായി ലതീഷിന്റെ കടയിൽ തടിച്ചുകൂടിയത്. ബംപർ വിറ്റ സന്തോഷത്തിൽ വാക്കുകൾ മുഴുമിപ്പിക്കാൻ പറ്റാത്ത നിലയിലായിരുന്നു ലതീഷ്.
ടിക്കറ്റെടുത്തത് നെട്ടൂരുകാരാകാനേ ഇടയുള്ളൂവെന്നാണ് ലതീഷ് പറയുന്നത്. ടിക്കറ്റ് തീരാതെ വരുന്ന സന്ദർഭങ്ങളിലെല്ലാം അവരാണു ടിക്കറ്റെടുത്ത് സഹായിക്കുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരായ അവർക്കാർക്കെങ്കിലും കിട്ടണമെന്നാണു തന്റെ ആഗ്രഹമെന്നും ലതീഷ് പറഞ്ഞു. കോടിപതിയെ കണ്ടെത്തിയില്ലെങ്കിലും ബംപർ വിറ്റ ഭാഗ്യവാനെ ലോകം മുഴുവൻ അറിഞ്ഞ സന്തോഷത്തിലാണു ലതീഷ്.