ആഗോള അയ്യപ്പസംഗമം; മുൻകൂർ മൂന്നു കോടി
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്താൻ ദേവസ്വം ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിനു മുൻകൂറായി നൽകിയെന്നു രേഖകൾ.
ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വത്തിന്റെയും സർക്കാരിന്റെയും പണം എടുക്കില്ലെന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ് അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ മുൻകൂറായി അനുവദിച്ചത്.
ആഗോള അയ്യപ്പസംഗമത്തിനുള്ള മുഴുവൻ തുകയും സ്പോണ്സർമാരിൽനിന്നാണെന്നായിരുന്നു സർക്കാർ വാദം. 45 ദിവസത്തിനകം വരവ്-ചെലവ് കണക്കുകൾ ബോധിപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ മാസം 15ന് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പസംഗമത്തിന് 8.22 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ബാക്കി തുക പിന്നീട് നൽകുമെന്നു ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസം 20ന് പന്പയിലായിരുന്നു ആഗോളഅയ്യപ്പസംഗമം നടത്തിയത്.
അതേസമയം, സ്പോണ്സർമാരിൽനിന്ന് പണം കിട്ടുന്ന മുറയ്ക്ക് തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മുൻകൂർ തുക അനുവദിച്ചതെന്നാണു ബന്ധപ്പെട്ടവരുടെ വിശദീകരണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാർഷിക ബജറ്റിൽ ശന്പളം, പെൻഷൻ, മരാമത്ത് നിർമാണ പ്രവൃത്തികൾ, തുടങ്ങിയവയ്ക്കൊപ്പം മതസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്താൻ തുക വകയിരുത്തി വരാറുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
‘റിലിജയസ് കണ്വൻഷൻ ആൻഡ് ഡിസ്ക്ലോസസ്’ എന്ന ശീർഷകത്തിലാണ് തുക വകയിരുത്തുന്നത്. നടപ്പു സാന്പത്തികവർഷം ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആഗോള അയ്യപ്പസംഗമത്തിനായി പ്രത്യേക അക്കൗണ്ട് തുടങ്ങിയിരുന്നു.
ഇതിനായുള്ള വരവും ചെലവും ഈ അക്കൗണ്ട് മുഖേനെയാണ് കൈകാര്യം ചെയ്തിരുന്നത്. സർപ്ലസ് ഫണ്ടിനത്തിൽനിന്ന് ഒരു രൂപ പോലും അയ്യപ്പസംഗമത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ആഗോള അയ്യപ്പസംഗമത്തിന് സ്പോണ്സർമാരിൽ നിന്നുള്ള തുക ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ച് അതിൽനിന്നാണ് ചെലവഴിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, പി.ഡി. സന്തോഷ്കുമാർ എന്നിവർ അറിയിച്ചു.