കേന്ദ്ര ജിഎസ്ടി വകുപ്പിനെക്കുറിച്ചും അന്വേഷണം വേണം: ഐസക്
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാരിൽ മാത്രമായി ഒതുക്കാനാകില്ലെന്നും കേന്ദ്ര ജിഎസ്ടി വകുപ്പിനെക്കുറിച്ചുകൂടി അന്വേഷണം വേണമെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്.
പകുതി അക്കൗണ്ടുകളേ സംസ്ഥാന സർക്കാർ നോക്കുന്നുള്ളൂ. ബാക്കി പകുതി അക്കൗണ്ടുകൾ നോക്കുന്നത് കേന്ദ്ര സർക്കാരല്ലേയെന്നും തോമസ് ഐസക് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വെട്ടിപ്പുരീതി സാർവത്രികമായതോടെ ജിഎസ്ടി കൗണ്‍സിൽ പലവട്ടം ചർച്ച ചെയ്യുകയും രജിസ്ട്രേഷൻ നടപടി കർക്കശമാക്കുകയും ചെയ്തു. കേസുകളും പ്രോസിക്യൂഷനും കൂടുതൽ കർക്കശമാക്കണം.
ആവശ്യമായ മാറ്റം ജിഎസ്ടി സോഫ്റ്റ്വേറിൽ ഉണ്ടാകണം. ഇൻപുട്ട് ക്ലെയിമുകളിൽനിന്ന് ഓട്ടോമാറ്റിക്കായി നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരണം. സിബിഐ അന്വേഷണം ഇതിനൊക്കെ സഹായിക്കുമെങ്കിൽ നല്ലതുതന്നെയെന്നും ഐസക്കിന്റെ പോസ്റ്റിൽ പറയുന്നു.