വീരൻ വീയപുരം
Sunday, October 5, 2025 1:57 AM IST
പിറവം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന പിറവം വള്ളംകളി മത്സരത്തിൽ വീയപുരം ചുണ്ടൻ ജേതാവായി. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണു വള്ളം തുഴഞ്ഞത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം രണ്ടാമതെത്തി, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) നാലാമതെത്തി.
ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ ആർകെ ടീം ബോട്ട് ക്ലബ്ബ് പിറവം തുഴഞ്ഞ താണിയൻ ഒന്നാമതെത്തി. പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാമതെത്തി. വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി മൂന്നാംസ്ഥാനം നേടി. ടൂറിസം വകുപ്പിന്റെ അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലെ നാലാമത്തെ മത്സരമാണു പിറവത്ത് നടന്നത്.
ഒഴുക്കിനെതിരേ തുഴയെറിയുന്ന കേരളത്തിലെ ഏക വള്ളംകളിയാണ് മൂവാറ്റുപുഴയാറിലെ പിറവം വള്ളംകളി. മന്ത്രി കെ. രാജൻ മത്സരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.