രോഹിത് ശര്‍മയെ ഒഴിവാക്കി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനാക്കി
Saturday, October 4, 2025 11:57 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര കഴിയാന്‍ ബിസിസിഐ കാത്തുനിന്നില്ല; ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് മുഖമായ ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെ ഏകദിന ടീമിന്റെ നായക സ്ഥാനവും ബിസിസിഐ നല്കി.
2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയെ നായക സ്ഥാനത്തുനിന്നു പുറത്താക്കിയാണ് ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ ഇന്നലെ അവരോധിച്ചത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ ഇറങ്ങും. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിന ടീമില്‍ ഉണ്ടെന്നതും ശ്രദ്ധേയം. 2027 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുഖമാറ്റമാണ് ബിസിസിഐ നടത്തിയിരിക്കുന്നത്.
നവയുവ കാലഘട്ടം
2025 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനിടെ രോഹിത് ശര്‍മ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഒഴിവു വന്ന ക്യാപ്റ്റന്‍സി ശുഭ്മാന്‍ ഗില്‍ ഏറ്റെടുത്തിരുന്നു. രോഹിത്തിനു പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് മതിയാക്കിയെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യന്‍ ടീം മികച്ച വീരോചിത പ്രകടനമായിരുന്നു നടത്തിയത്.
അഞ്ച് മത്സരപരമ്പരയില്‍ 2-2നു സമനില സ്വന്തമാക്കിയായിരുന്നു ഗില്ലിന്റെ ഇന്ത്യ ഇംഗ്ലണ്ടില്‍നിന്നു മടങ്ങിയത്. അതോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെ ഏകദിനത്തിലും രോഹിത്തിന്റെ പിന്മുറക്കാരനായി ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം ശുഭ്മാന്‍ ഗില്ലില്‍ വന്നുചേരുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
ഓസ്ട്രേലിയന്‍ ചലഞ്ച്
ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം ഇംഗ്ലണ്ടില്വച്ചായിരുന്നെങ്കില് ഏകദിനത്തില്‍ അത് ഓസ്ട്രേലിയയില്‍ ആണെന്നതും ശ്രദ്ധേയം. അതായത് ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തില്‍ ശക്തമായ എതിരാളികള്‍ക്ക് എതിരേ.
ഓസ്ട്രേലിയയ്ക്ക് എതിരേ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 19ന് പെര്‍ത്തിലാണ് ആദ്യ ഏകദിനം. 23ന് അഡ്ലെയ്ഡില് രണ്ടാം ഏകദിനവും 25ന് സിഡ്നിയില്‍ മൂന്നാം മത്സരവും നടക്കും. തുടര്‍ന്ന് 29 മുതല്‍ നവംബര്‍ എട്ട് വരെ ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 പരമ്പര അരങ്ങേറും.
രോഹിത്; ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ
തികച്ചും അപ്രതീക്ഷിതമായാണ് ബിസിസിഐ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മുതിര്‍ന്ന താരം രോഹിത് ശര്‍മയെ പുറത്താക്കിയത്. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന കിരീടം ഇന്ത്യക്കു സമ്മാനിച്ചതിനു പിന്നാലെയാണ് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍നിന്നു നീക്കം ചെയ്തതെന്നതും ശ്രദ്ധേയം. ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യ കളിക്കാനൊരുങ്ങുന്ന ആദ്യ ഏകദിന മത്സരമാണ് ഓസ്ട്രേലിയയ്ക്കെതിരേ ഈ മാസം 19നു നടക്കാനിരിക്കുന്നത്.
2021 ഡിസംബറില്‍ വിരാട് കോഹ്ലിയുടെ പിന്മുറക്കാരനായാണ് രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായത്. 38കാരനായ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 56 ഏകദിനങ്ങളില്‍ ഇറങ്ങി. അതില്‍ 42ലും ഇന്ത്യ ജയം സ്വന്തമാക്കി.
75 ശതമാനമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിന്റെ ഏകദിന ജയം. 50ല്‍ അധികം ഏകദിനങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരില് ഏറ്റവും മികച്ച വിജയശതമാനത്തില്‍ രണ്ടാം സ്ഥാനക്കാരനാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് മാത്രമാണ് (76.2) രോഹിത്തിനു മുന്നിലുള്ളത്.
88.8 ശതമാനം ജയം
അഞ്ചിലധികം ടീമുകള്‍ പങ്കെടുത്ത മള്‍ട്ടി-നേഷന്‍ ഏകദിന ടൂര്‍ണമെന്റ് ചരിത്രത്തില്‍ രോഹിത് ശര്‍മയുടെ വിജയശതമാനം 88.8 ആണ്; 20+ മത്സരങ്ങളില്‍ ക്യാപ്റ്റനായതില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്.
രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ 2018 ഏഷ്യ കപ്പ് സ്വന്തമാക്കി. 2023ല്‍ വീണ്ടും ഏഷ്യ കപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടി. ഇതിനിടെ 2023 ഏകദിന ലോകകപ്പ് ഫൈനലിലും കളിച്ചു. മള്‍ട്ടി-നേഷന്‍ ടൂര്‍ണമെന്റില്‍ 27 മത്സരങ്ങളാണ് രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കളിച്ചത്. അതില്‍ 24 എണ്ണത്തിലും ജയിച്ചു. തോറ്റത് രണ്ട് എണ്ണം മാത്രം.
കോഹ്ലി, രോഹിത് ടീമില്‍; ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റന്‍
മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇടംനേടി. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത് ഇതാദ്യമാണ്.
ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യ കളിക്കാന്‍ ഒരുങ്ങുന്ന ആദ്യ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് എതിരേ ഈ മാസം 19ന് ആരംഭിക്കുന്നത്.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യറാണ് വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയം. പരിക്കേറ്റ് വിശ്രമത്തിലുള്ള വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പകരം ധ്രുവ് ജുറെല്‍ ആദ്യമായി ഏകദിന ടീമില്‍ ഉള്‍പ്പെട്ടു.
പേസര്‍ ജസ്പ്രീത് ബുംറ, പരിക്കേറ്റ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍, യശസ്വി ജയ്സ്വാള്‍.