ഏഷ്യ കപ്പ് ട്രോഫി വിവാദത്തിൽ ട്വിസ്റ്റ്, ട്രോഫിയും മെഡലും കൈമാറാം; ഉപാധിയുമായി നഖ്വി
Wednesday, October 1, 2025 12:01 AM IST
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യൻ ടീമിന് എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഏഷ്യ കപ്പ് കിരീടവും മെഡലുകളും ഇന്ത്യൻ ടീമിന് കൈമറാൻ പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വി പുതിയ ഉപാധി മുന്നോട്ടുവച്ചെന്നാണ് പുതിയ റിപ്പോർട്ട്.
ഏഷ്യ കപ്പ് ഫൈനലിന് ശേഷം നഖ്വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തതിനെ തുടർന്നാണ് ജേതാക്കളായ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതിരുന്നത്.
താൻ തന്നെ കൈമാറും
ഒരു സ്വകാര്യ ചടങ്ങ് സംഘടിപ്പിച്ചാൽ മാത്രമേ സൂര്യകുമാർ യാദവിനും സംഘത്തിനും മെഡലുകൾ ലഭിക്കൂ എന്നും അവിടെ വച്ച് ട്രോഫിയും മെഡലുകളും കൈമാറാൻ തയാറാണെന്നും, അത് താൻ തന്നെയാകും കൈമാറുകയെന്നും നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വിയിൽ നിന്ന് സ്വകാര്യ ചടങ്ങിൽ പോലും കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീമോ ബിസിസിഐ പ്രതിനിധകളോ തയാറാവില്ലെന്നുറപ്പാണ്.
അനിശ്ചിതത്വം നീളും
ഇതോടെ ഏഷ്യാ കപ്പ് കിരീടം എപ്പോൾ ബിസിസിഐ ആസ്ഥാനത്ത് എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുമെന്നും ഉറപ്പായി. ഏഷ്യ കപ്പ് ഫൈനലിനുശേഷം മുക്കാൽ മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പാക്കിസ്ഥാൻ ടീമിന് റണ്ണേഴ്സ് അപ്പ് ചെക്കും താരങ്ങൾക്കുള്ള മെഡലുകളും കൈമാറിയിരുന്നു.
എന്നാൽ ഇന്ത്യൻ താരങ്ങൾ സ്പോണ്‍സർമാർ നൽകുന്ന വ്യക്തിഗത പുരസ്കാരങ്ങൾ മാത്രമാണ് സ്വീകരിച്ചത്. നഖ്വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ താരങ്ങൾ ഉറച്ചുനിന്നതോടെ നഖ്വി സ്റ്റേഡിയം വിട്ടുപോയപ്പോൾ കൂടെയുള്ളവർ ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളും കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനുശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ കിരീട നേട്ടം ആഘോഷിച്ചത്.
ഞായറാഴ്ച രാത്രി നടന്ന ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ടൂർണമെന്റിലെ ഒന്‍പതാം കിരീടമാണ് ഇന്ത്യ നേടിയത്.